മുക്കാളി റെയിൽവേ സ്റ്റേഷൻ നിർത്തലാക്കില്ലെന്ന് ഡി.ആർ.എം ഉറപ്പ് നൽകി -ഷാഫി പറമ്പിൽ എം.പി
text_fieldsവടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ലെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) അരുൺ കുമാർ ചതുർവേദി ഉറപ്പു നൽകിയതായി ഷാഫി പറമ്പിൽ എം.പി. ചതുർവേദിയുമായി ഡിവിഷൻ ഓഫിസിൽ നടന്ന കൂടി കാഴ്ചയിൽ മുക്കാളി റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഉറപ്പ് ലഭിച്ചതെന്ന് ഷാഫി പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്-മംഗലാപുരം റൂട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്തു. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനെ സംബന്ധിച്ചും റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തെ കുറിച്ചും ചർച്ചയുണ്ടായി. സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഗണിച്ച് ട്രെയിനുകൾക്ക് നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കി സമയം ക്രമീകരിച്ച ഇന്റർസിറ്റി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കുന്നതിന് പരിശ്രമിക്കാമെന്ന് ഡി.ആർ.എം ഉറപ്പ് നൽകി.
നിലവിൽ ഡെപ്പോസിറ്റ് വർക്ക് ആയി പരിഗണിയിലുള്ള നന്തി അണ്ടർപാസ്സ്, തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്നും റെയിവേ സ്റ്റേഷനിലേക്കുള്ള റോഡ് എന്നിവയുടെ സാങ്കേതിക, സാധ്യത പരിശോധന ഉടൻ നടത്തുവാനും തീരുമാനിച്ചു.
കോവിഡിനുശേഷം ടെമ്പിൾ ഗേറ്റ്, മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങൽ, തിക്കോടി, ചേമഞ്ചേരി, വെള്ളറക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് റദ്ദാക്കിയതിനാൽ ഹ്രസ്വ ദൂര യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപെടുത്തി. റെയിൽവേ ലൈനിനോട് ചേർന്നുള്ള ഭൂമിയിൽ വീട് നിർമ്മിക്കാനായി എൻ.ഒ.സി ലഭിക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണവും കാട് പിടിച്ച കിടക്കുന്ന റെയിൽവേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധസംഘത്തോടൊപ്പം ഒരുമിച്ച് ഫീൽഡ് വിസിറ്റ് നടത്തി സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

