ഗ്രൗണ്ടുകളൊരുക്കാൻ പുതിയവഴി; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് ‘സ്വകാര്യനീക്കം’
text_fieldsതിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ പിന്നോട്ടുവലിഞ്ഞ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് പുതിയ നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ടെസ്റ്റിങ് ഗ്രൗണ്ട് സജ്ജമാക്കി പരിഷ്കാരത്തിലേക്ക് കടക്കാനാണ് തീരുമാനം.
പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിന് ഭൂമി വിട്ടുനൽകാൻ 11 സ്ഥലങ്ങളിലാണ് സ്വകാര്യ വ്യക്തികൾ സന്നദ്ധതയറിയിച്ചിട്ടുള്ളത്. ഈ ഭൂമി അനുയോജ്യമാണോ എന്ന് പരിശോധന നടത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ആർ.ടി.ഒമാർക്കും ജോയന്റ് ആർ.ടി.ഒമാർക്കും ഗതാഗത കമീഷണറേറ്റ് നിർദേശം നൽകി. തൃശൂർ, ഇടുക്കി, മാവേലിക്കര, കായംകുളം, നൻമണ്ട, ഇരിട്ടി, കൊടുവള്ളി, തലശ്ശേരി, മണ്ണാർക്കാട്, പാല, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്വകാര്യഭൂമിയിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള ശിപാർശയുള്ളത്.
നിലവിലെ ‘എച്ച്’ മാറ്റി പകരം റിവേഴ്സ് പാർക്കിങ്ങും സിഗ്സാഗുക്കുമടക്കം ഉൾപ്പെടുന്ന സങ്കീർണമായ പുതിയ രീതിയാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റിനായി മുന്നോട്ടുവെച്ചത്. എന്നാൽ ട്രാക്കിന് മതിയായ സ്ഥലം കണ്ടെത്തലായിരുന്നു പരിഷ്കരണങ്ങളുടെ പ്രധാന വെല്ലുവിളി. പിന്നാലെ സി.ഐ.ടി.യു അടക്കം കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ പിൻവാങ്ങിയത്. ഡ്രൈവിങ് സ്കൂളുകാരോട് പുതിയ ട്രാക്കിന് സ്ഥലമൊരുക്കാൻ നിർദേശിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. പിന്നീട് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലം കണ്ടെത്താനുള്ള ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമലിൽ വെച്ചു. അതും വിജയം കണ്ടില്ല. ഒമ്പതിടത്ത് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇവിടങ്ങളിലും മാറ്റംവരുത്തണം.
പുതിയ പരിഷ്കാരം നടപ്പാക്കണമെങ്കിൽ ട്രാക്കിന് 13.07 സെൻറ് സ്ഥലം വേണം. ട്രാക്കിന് പുറമേ ശുചിമുറികള്‍, കുടിവെള്ളം, വാഹന പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനെല്ലാം ഉൾപ്പെടെ കുറഞ്ഞത് 50 സെൻറ് സ്ഥലമെങ്കിലും വേണ്ടിവരും. ഒരു കേന്ദ്രത്തിൽ നിർദിഷ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ മാത്രം എട്ട് ലക്ഷം രൂപ വേണം. ഇത് സർക്കാറിന് വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ വഴി തേടുന്നത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും പുറമ്പോക്കിലും റോഡ് വക്കിലും ഡ്രൈവിങ് സ്കൂളുകാര് വാടകക്കെടുത്ത സ്ഥലത്തുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

