ഡ്രൈവർമാരെ കിട്ടാനില്ല, മദ്യപിച്ച് നടപടി നേരിട്ടവരെ തിരിച്ചെടുക്കും - മന്ത്രി കെ.ബി ഗണേഷ്കുമാർ
text_fieldsതിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കം. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്. ഇതിൽ തന്നെ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു തവണത്തേക്ക് ക്ഷമിക്കും. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റ് വരുമാനം കൂടിയതോടെ ധന വകുപ്പ് പ്രതിമാസ ധനസഹായം വൈകിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഒന്ന് അഡ്ജസ്റ്റ് ചെയ്യാനാണ് പറയുന്നത്. തത്കാലം അത് പറ്റില്ല. സര്‍ക്കാര്‍ ധനസഹായം അങ്ങനെ തന്നെ കിട്ടിയേ തീരൂ- മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം നല്‍കുന്നത് കടമെടുത്താണ്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ല. മന്ത്രിയും സര്‍ക്കാരും മാറിയാലും കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണങ്ങളിൽ നിന്ന് പിന്നോട്ടു പോകാന്‍ അനുവദിക്കരുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

