ഡ്രൈവർമാർ എത്തിയില്ല; പത്തനാപുരത്ത് കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി
text_fieldsസർവിസുകൾ മുടങ്ങിയ ബസുകൾ പത്തനാപുരം ഡിപ്പോയിൽ
പത്തനാപുരം: കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ഡ്രൈവർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് പത്തനാപുരം ഡിപ്പോയിൽ നിന്നുള്ള ഇരുപതോളം സർവീസുകൾ മുടങ്ങി. അവിട്ടം, ചതയം ദിനങ്ങളിലാണ് സർവീസുകൾ മുടങ്ങിയത്. അവിട്ടം ദിനത്തിൽ 15 സർവിസും ചതയം ദിനത്തിൽ അഞ്ചു സർവിസുമാണ് മുടങ്ങിയത്. ഡിപ്പോ അധികാരികൾ ഡ്രൈവർമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
സർവീസുകൾ മുടങ്ങിയതറിയാതെ യാത്രക്കാർ ഏറെ നേരം ഡിപ്പോയിൽ കാത്തുനിന്ന ശേഷം പിന്നീട് മറ്റ് സർവീസുകളെ ആശ്രയിക്കുകയായിരുന്നു. ഗ്രാമ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് മുടങ്ങിയതിലേറെയും. ബന്ധുവീടുകളിലേക്കും മറ്റും ഓണം ആഘോഷിക്കാൻ ദൂരെസ്ഥലങ്ങളിൽ നിന്നെത്തിയവരാണ് ഡിപ്പോയിൽ കുടുങ്ങിയത്.
അതേസമയം, ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡ്രൈവർമാർക്കെതിരെ വകുപ്പ്തല നടപടിയുണ്ടായേക്കും. രണ്ടു ദിവസങ്ങളിലായി ഹാജരാകാത്തവരുടെ പേരുവിവരങ്ങൾ മേലധികാരികൾക്ക് നൽകുമെന്ന് എ.ടി.ഒ ബി. സാം പറഞ്ഞു. ഓണനാളുകളിൽ മികച്ച കലക്ഷൻ നേടുന്ന ജില്ലയിലെ പ്രധാന ഡിപ്പോകളിൽ ഒന്നാണ് പത്തനാപുരം. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെനിന്ന് സർവീസുകൾ റദ്ദ് ചെയ്ത നടപടി വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

