കുറവൻകോണം അതിക്രമം: റോഷി അഗസ്റ്റിന്‍റെ പേഴ്സനൽ സ്റ്റാഫ് ഡ്രൈവർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചുകടന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സനൽ സ്റ്റാഫിന്‍റെ ഡ്രൈവറെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശി സന്തോഷിനെയാണ് രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയത്തിന് സമീപം പ്രഭാതസവാരിക്കെത്തിയ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. പത്ത്വർഷമായി വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.
സർക്കാർ ബോർഡുള്ള ഇന്നോവ കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിനിരയായ വനിത ഡോക്ടർ മൊഴിനൽകിയിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബിന് സമീപം ഇയാൾ എത്തിയതായി പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. തുടർന്ന് കുറവൻകോണത്തും മ്യൂസിയത്തും അക്രമം നടത്തിയത് ഒരാൾ തന്നെയെന്ന നിഗമനത്തിലാണ് സന്തോഷിനെ പൊലീസ് ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്.
തുടർന്നുള്ള ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്‍റെ മൊബൈൽ ടവർ ലൊക്കേഷനും തെളിവായി സ്വീകരിച്ച് പൊലീസ് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നും ആരോഗ്യപരിശോധനക്കുശേഷം സന്തോഷിനെ രാത്രിയോടെ മ്യൂസിയം സ്റ്റേഷനിലെത്തിച്ചു. വനിത ഡോക്ടർക്കുനേരെയുള്ള ലൈംഗികാതിക്രമ കേസിൽ ഇയാളെ ഇന്ന് വീണ്ടും ചോദ്യംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

