കുടിനീര് കുറയുന്നു; കേരളത്തിലെ 2,567 വാർഡുകൾ ജലക്ഷാമത്തിന്‍റെ പിടിയിലെന്ന് പഠനം
text_fieldsകൊച്ചി: രണ്ട് മഴക്കാലങ്ങളിലായി പ്രതിവർഷം ശരാശരി 3000 മി.മീ. മഴ ലഭിക്കുമ്പോഴും കേരളത്തിലെ 2,567 വാർഡുകൾ ജലക്ഷാമത്തിന്‍റെ പിടിയിലെന്ന് പഠന റിപ്പോർട്ട്. കേരള ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന് കീഴിലെ ജലവിഭവ വികസന, മാനേജ്മെന്‍റ് കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പഞ്ചായത്ത് തലത്തിലും വാർഡുകൾ കേന്ദ്രീകരിച്ചും കഴിഞ്ഞ വർഷം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് സി.ഡബ്ല്യു.ആർ.ഡി.എം പുറത്തുവിട്ടത്. ജലനിധി, ജൽജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കിയ വാർഡുകളെ ഒഴിവാക്കിയാണ് പഠനം നടത്തിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് മഴയുടെ അളവിലുണ്ടായ കുറവാണ് ജലക്ഷാമത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
2023ൽ മഴയുടെ വാർഷിക ലഭ്യതയിൽ 23 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 34 ശതമാനം കുറവുണ്ടായി. ഇതിന്‍റെ ഫലമായി നഗര, ഗ്രാമപ്രദേശങ്ങളെ ഒന്നുപോലെ ജലക്ഷാമം ബാധിച്ചിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജലക്ഷാമം നേരിടുന്ന വാർഡുകളുടെ എണ്ണം 20 ശതമാനത്തിന് മുകളിലാണ്. കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ പത്ത് ശതമാനത്തിൽ താഴെയും.
മഴയിലെ ഏറ്റക്കുറച്ചിലും വിതരണക്രമത്തിലെ മാറ്റങ്ങളും കണക്കിലെടുത്ത് പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയാണ് പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന് സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
കാരണങ്ങൾ
കുഴൽകിണർ വഴിയും മറ്റും അമിത വിനിയോഗംമൂലം ഭൂഗർഭജലത്തിന്‍റെ അളവ് ഗണ്യമായി കുറയുന്നത്, കാലഹരണപ്പെട്ട ജലവിതരണ പൈപ്പുകൾ, ജലവിതരണ സംവിധാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത്, കാലാവസ്ഥ വ്യതിയാനംമൂലം മഴദിനങ്ങളുടെ എണ്ണം കുറയുന്നത്, ഓരോ വർഷവും കൂടിവരുന്ന ചൂട്, ഗാർഹിക-കാർഷിക-വ്യവസായ മേഖലകളിൽ വർധിച്ചുവരുന്ന ജലത്തിന്‍റെ ആവശ്യം തുടങ്ങിയവയാണ് ജലക്ഷാമത്തിന്‍റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്.
പരിഹാരമെന്ത്?
ജലവിതരണ ശൃംഖലകളെ ആധുനികവത്കരിക്കുകയും ചോർച്ച തടയാനും സംഭരണ ശേഷി വർധിപ്പിക്കാനും കഴിയുംവിധം നിലവിലെ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ജലക്ഷാമം പരിഹരിക്കാൻ റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ. മഴവെള്ളക്കൊയ്ത്തും ഭൂഗർഭജല റീചാർജും പ്രോത്സാഹിപ്പിക്കുക, ജലസംരക്ഷണത്തെക്കുറിച്ചും ശരിയായ ജലവിനിയോഗത്തെക്കുറിച്ചും ബോധവത്കരണം ശക്തിപ്പെടുത്തുക, ജലസംഭരണത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുക, സർക്കാറിന്‍റെ കുടിവെള്ള പദ്ധതികൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുക തുടങ്ങിയ ശിപാർശകളും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

