‘23 ആണ് മദ്യം കഴിക്കാവുന്ന പ്രായം, സംശയം തോന്നിയാൽ ആധാർ പരിശോധിക്കണം; അതിന് താഴെയുള്ളവർക്ക് വിളമ്പിയാൽ ബാർ ലൈസൻസ് റദ്ദാക്കും, -മന്ത്രി ലിജു
text_fieldsതിരുവനന്തപുരം: നിയമപ്രകാരം 23 വയസ്സിനു മുകളിലുള്ളവർക്കാണ് മദ്യം കഴിക്കാനുള്ള അവകാശമെന്നും അതിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിളമ്പിയാൽ ബാർ ലൈസൻസ് റദ്ദാക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു. കേരളത്തിലെ ബാറുകൾ എല്ലാം ആ കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നത് തടയാൻ ബാറുകൾ ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തണമെന്നും സംശയമുള്ള സാഹചര്യങ്ങളിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
നെടുമ്പാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട അപകടമുണ്ടായപ്പോൾ, മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുമ്പ് തന്നെ എക്സൈസിനോട് നേരിട്ട് കേസെടുക്കാൻ താൻ നിർദേശിച്ചിരുന്നു. അവിടെ കുട്ടികൾക്ക് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതും നിരവധി കുടുംബങ്ങൾ അനാഥമാകുന്നതും തടയാൻ നിയമലംഘനം നടത്തുന്ന ബാറുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
‘മദ്യം കഴിക്കാൻ എത്തുന്നവർ 23 വയസ്സിൽ താഴെയുള്ളവരാണെന്ന് സംശയം തോന്നിയാൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം ബാറുകൾക്കുണ്ട്. ഈ നിയമം ലംഘിച്ച് മദ്യം നൽകിയാൽ അതിന്റെ ഗുരുതരമായ പ്രത്യാഘാതം സ്ഥാപനങ്ങൾ അനുഭവിക്കേണ്ടിവരും. ബാറുകളിൽ എക്സൈസ് വകുപ്പിന്റെ മിന്നൽ പരിശോധനകൾ തുടർച്ചയായി നടക്കും.
സംസ്ഥാനത്ത് കേവലം 5,200 പേർ മാത്രമുള്ള ചെറിയൊരു എക്സൈസ് സേനയാണുള്ളത്. പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഇവർക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എക്സൈസിന്റെ ഓപറേഷൻ തണ്ടർ വഴി 60,000 കേസുകളും, 7000-ത്തോളം എൻ.ഡി.പി.എസ് കേസുകളും, 40,000-ത്തോളം അബ്കാരി കേസുകളും എടുത്തിട്ടുണ്ട്. എക്സൈസ് സേന മികച്ച പ്രവർത്തനമാണ് നടത്തുന്നതെങ്കിലും വീഴ്ചകൾ സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

