വസ്ത്രധാരണത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു -കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: വസ്ത്രധാരണത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ബാലിശമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വസ്ത്രധാരണത്തിൽ ഒരു വിഭാഗത്തിനുമാത്രം നിരോധനം ഏർപ്പെടുത്തുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസിൽ വനിത ലീഗ് സംഘടന ശാക്തീകരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഹിജാബ് വിഷയത്തിൽ വിധി പറയാൻ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട തീരുമാനം ഉചിതമായി. ഇന്ത്യ പോലെ വൈവിധ്യമുള്ള സംസ്കാരവും ഭാഷയുമുള്ളിടത്ത് എല്ലാം ഒരുപോലെയാകണമെന്ന് ശഠിക്കരുത്. വിശ്വാസത്തിനനുസരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തണമെന്ന് ചിന്തിക്കുന്നത് രാജ്യതാൽപര്യത്തിനും ഭരണഘടനക്കും വിരുദ്ധമാണ്. മറ്റുപലതും ത്യജിക്കാൻ തയാറാകുമ്പോഴും മനുഷ്യൻ വിശ്വാസം ത്യജിക്കാറില്ല. തീവ്രവാദ സംഘടനകളെ ആശയപ്രചാരണത്തിലൂടെ നാമാവശേഷമാക്കിയ പാർട്ടിയാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.
വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. ലീഗ് നേതാക്കളായ പി.എ.എം. സലാം, നജീബ് കാന്തപുരം, ഉമ്മർ പാണ്ടികശാല, കെ.പി. മറിയുമ്മ, നൂർബിന റഷീദ്, ജയന്തിരാജ്, ഖമറുന്നിസ അൻവർ, ഷാഹിന നിയാസി, സീമ യഹിയ എന്നിവർ പങ്കെടുത്തു. ഷാഹിദ് എളേറ്റിൽ, ഹബീബ് ചെമ്പ്ര എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

