നാടകീയം തൃശൂർ; 11 ഇടത്ത് ആർക്കും ഭൂരിപക്ഷമില്ല
text_fieldsതൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മേരി തോമസിനെ പൂച്ചെണ്ട് നൽകി ആശംസകൾ അറിയിക്കുന്ന മന്ത്രി ആർ. ബിന്ദു, മന്ത്രി കെ. രാജൻ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ
തൃശൂർ: തൃശൂരിൽ നാടകങ്ങൾ നടന്നത് ആർക്കും ഭൂരിപക്ഷമില്ലാത്ത 11 പഞ്ചായത്തുകളിൽ. അവിണിശ്ശേരി, അരിമ്പൂർ, മറ്റത്തൂർ, കൊടകര, വേലൂർ, പാറളം, വല്ലച്ചിറ, ചേലക്കര, തളിക്കുളം, മാള, ചൊവ്വന്നൂർ എന്നിവയായിരുന്നു ആർക്കും ഭൂരിപക്ഷമില്ലാത്തവ. മറ്റത്തൂരിൽ യു.ഡി.എഫ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ച് വിമതക്കും ബി.ജെ.പിക്കുമൊപ്പം മുന്നണിയായി ചേർന്ന് ഭരണം പിടിച്ചു.
അവിണിശ്ശേരി, അരിമ്പൂർ, വേലൂർ എന്നിവിടങ്ങളിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തി. തളിക്കുളത്ത് ആർ.എം.പിയുമായി ചേർന്ന് മൂന്ന് റൗണ്ട് വോട്ടെടുപ്പിന് ഒടുവിലും കൊടകരയിൽ സ്വതന്ത്രനെ മുൻനിർത്തിയും യു.ഡി.എഫ് അധികാരം നേടി. ചേലക്കരയിൽ എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് ലഭിച്ചതാണ് യു.ഡി.എഫിന് തുണയായത്. മാളയിൽ എൽ.ഡി.എഫ് സ്വതന്ത്ര പിന്തുണയിൽ നേരത്തേ അധികാരം ഉറപ്പാക്കിയിരുന്നു. വല്ലച്ചിറയിൽ എൻ.ഡി.എ അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
പാറളത്ത് യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതാണ് ബി.ജെ.പിയെ തുണച്ചത്. ഇതോടെ തിരുവില്വാമലക്കൊപ്പം പാറളത്തും ബി.ജെ.പിക്ക് ഭരണമായി. ചൊവ്വന്നൂരിൽ ഏറ്റവും വലിയ മുന്നണി എൽ.ഡി.എഫായിരുന്നെങ്കിലും എസ്.ഡി.പി.ഐയുടെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർഥി ജയിച്ചു. ആടിനിന്ന 11 പഞ്ചായത്തുകളിൽ ഏഴെണ്ണം യു.ഡി.എഫും രണ്ടെണ്ണം എൽ.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും നേടി. മറ്റത്തൂരിൽ കൂട്ടുമുന്നണിയും വിജയിച്ചു.
പാറളത്ത് യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധു; ബി.ജെ.പിക്ക് ഭരണം
തൃശൂർ: തൃശൂർ ജില്ലയിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിൽ ഭാഗ്യത്തിന്റെ പിന്തുണ യു.ഡി.എഫിന്. മൂന്ന് പഞ്ചായത്തുകളിൽ നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചു. മറ്റ് മൂന്ന് പഞ്ചായത്തുകളിൽ സ്വതന്ത്രന്റെയും എൽ.ഡി.എഫിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയിലും ഭരണം നേടി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഓരോ പഞ്ചായത്തുകളിൽ വീതം എൽ.ഡി.എഫും ബി.ജെ.പിയും അധികാരത്തിലെത്തി. പാറളത്ത് യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായത് ബി.ജെ.പിക്ക് തുണയായപ്പോൾ വല്ലച്ചിറയിൽ എൻ.ഡി.എ അംഗത്തിന്റെ വോട്ട് അസാധുവായത് എൽ.ഡി.എഫിനും ഗുണമായി. യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴ് വീതം സീറ്റ് ലഭിച്ച പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഭാഗ്യം എൽ.ഡി.എഫ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തുണച്ചു.
അവിണിശ്ശേരി, അരിമ്പൂർ, വേലൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫിനെ ഭാഗ്യം തുണച്ചത്. വേലൂരും അരിമ്പൂരും യു.ഡി.എഫ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം ബി.െജ.പിക്കുമാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കൊടകര പഞ്ചായത്തിൽ സ്വതന്ത്രനെ മുൻനിർത്തി യു.ഡി.എഫ് ഭരണം പിടിച്ചു. യു.ഡി.എഫിനും എൽ.ഡി.എഫിനും 12 വീതം സീറ്റ് ലഭിച്ച ചേലക്കരയിൽ എൽ.ഡി.എഫ് അംഗത്തിന്റെ പിന്തുണയിലാണ് യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം നേടിയത്. ഇവിടെ നറുക്കെടുപ്പിലൂടെ ൈവസ് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫിന് ലഭിച്ചു. ചൊവ്വന്നൂരിൽ എസ്.ഡി.പി.ഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിന് ഭരണം േനടാൻ സഹായകമായത്. ഇവിടെ രാജിവെക്കാൻ കെ.പി.സി.സി നിർദേശം നൽകി.
തൃശൂർ
ജില്ല പഞ്ചായത്ത് 30
എൽ.ഡി.എഫ് 21
യു.ഡി.എഫ് 09
ബ്ലോക്ക് പഞ്ചായത്ത് 16
എൽ.ഡി.എഫ് 11
യു.ഡി.എഫ് 05
ഗ്രാമപഞ്ചായത്ത് 86
യു.ഡി.എഫ് 39
എൽ.ഡി.എഫ് 44
എൻ.ഡി.എ 02
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

