വട്ടിയൂർക്കാവ് ബി.ജെ.പി കൺവെന്‍ഷനിൽ നാടകീയരംഗങ്ങൾ: കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതിനെ തുടർന്ന് ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപോയി
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത എൻ.ഡി.എ തെരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർഥി ആർ. ശ്രീലേഖ ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പ്രസംഗത്തിൽ തന്റെ പേര് പരാമർശിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ചാണ് അവർ വേദിവിട്ടത്. ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിന്നീട് തിരികെയെത്തിയ ശ്രീലേഖ പരിപാടിയിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ചത്. ശ്രീലേഖക്കുവേണ്ടി നടത്തിയ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത ജയശങ്കർ, പ്രസംഗിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കുകയും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, ശ്രീലേഖയുടെയോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെയോ പേര് പരാമർശിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി അവർ വേദി വിട്ടത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താൻ മാസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. തനിക്കുവേണ്ടി വോട്ട് ചോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ തന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ പിന്നെ അവിടെ പങ്കെടുക്കേണ്ട കാര്യമെന്താണ് എന്ന നിലപാടാണ് ശ്രീലേഖ സ്വീകരിച്ചത്.
വേദിയിൽനിന്ന് ഇറങ്ങിപ്പോയ ശ്രീലേഖയെ ബി.ജെ.പി സംസ്ഥാന നേതാക്കളായ എസ്. ഓമന, വി.വി. രാജേഷ് തുടങ്ങിയവരും ആർ.എസ്.എസ് ഭാരവാഹികളും ചേർന്ന് അനുനയിപ്പിക്കുകയായിരുന്നു. നേതാക്കളുടെ അഭ്യർഥനയെത്തുടർന്ന് അവർ പിന്നീട് തിരിച്ചെത്തി പരിപാടിയിൽ പങ്കെടുത്തു.
ഇതിനുമുമ്പും ശ്രീലേഖയുമായി ബന്ധപ്പെട്ട് സമാനമായ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹത്തിനരികിലേക്ക് പോകാതിരുന്നത് വലിയ ചർച്ചയായിരുന്നു. കൂടാതെ, മേയറുടെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ, പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ പടലപ്പിണക്കങ്ങൾ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
നിഷേധിച്ച് ശ്രീലേഖ
തിരുവനന്തപുരം: എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആർ. ശ്രീലേഖ. സഹോദരനും സഹോദരിയും തമ്മിൽ സംസാരിക്കുന്ന വിഡിയോ രഹസ്യമായി എടുത്ത് ചിത്രീകരിച്ചതാണ്. പ്രചാരണ പരിപാടിയിൽനിന്ന് ഒരിക്കലും ഇറങ്ങിപ്പോയിട്ടില്ല. തനിക്ക് പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയും.
അതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ശ്രീലേഖ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

