നാടകീയം വിവാഹം; വിവാഹത്തിനു പിന്നാലെ വരെൻറ ആദ്യ ഭാര്യയെത്തി
text_fieldsകടുത്തുരുത്തി: വിവാഹവേദിയിൽ താലിചാർത്തിയതിന് തൊട്ടുപിന്നാലെ വരെൻറ ആദ്യ ഭാര്യയും ബന്ധുക്കളുമെത്തി. പിന്നീട് നവവധുവും വരനും ബന്ധുക്കളും വിവാഹവേദിയിൽനിന്ന് പൊലീസ് സ്റ്റേഷനിലേക്ക്. കാട്ടാമ്പാക്ക് പൊറ്റമ്പി പാറ ഗോപാലകൃഷ്ണെൻറ മകൾ അനുമോളും (26), കൊട്ടാരക്കര കലയപുരം ജ്യോതി ഭവനിൽ വാസുദേവൻ നായരുടെ മകൻ ജ്യോതിഷ്കുമാറും (31) തമ്മിലാണ് വിവാഹം നടന്നത്.
ശനിയാഴ്ച രാവിലെ 11.30ന് കാട്ടാമ്പാക്ക് സെൻറ് മേരീസ് പള്ളി ഹാളിലായിരുന്നു വിവാഹം. വിവാഹശേഷം സദ്യ നടന്നുകൊണ്ടിരിക്കെ കടുത്തുരുത്തി പൊലീസിനൊപ്പമാണ് വരെൻറ ആദ്യ ഭാര്യയും ബന്ധുക്കളുമെത്തിയത്. തുടർന്ന് വരനും വധുവും ഇരുകൂട്ടരുടെയും ബന്ധുക്കളും ആദ്യ ഭാര്യയും ബന്ധുക്കളും കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ആദ്യ ഭാര്യ തിരുവനന്തപുരം പ്ലാക്കോട് ചന്ദ്രോദയത്തിൽ രാമൻ നായരുടെ മകൾ രശ്മി ചന്ദ്രെൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജ്യോതിഷ്കുമാറും രശ്മിയും തമ്മിലുള്ള വിവാഹം 2012 ജനുവരി 19ന് നടന്നതാണെന്നും നിയമപരമായി വിവാഹമോചനം നടന്നിട്ടില്ലെന്നും സ്ത്രീധനമായി 51 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും ജ്യോതിഷ്കുമാർ കൈപ്പറ്റിയിട്ടുണ്ടെന്നും രശ്മി പരാതിയിൽ പറയുന്നു.
ഇവരുടെ വിവാഹമോചന കേസിെൻറ വിധി ജൂൺ 13ന് വരാനിരിക്കെയാണ് ജ്യോതിഷ്കുമാർ വീണ്ടും വിവാഹിതനായത്. ഇവർ വേർപിരിഞ്ഞതിനുശേഷം ജ്യോതിഷ്കുമാർ കുവൈത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. വധുവായ അനുമോൾ ഇറാഖിൽ നഴ്സാണ്. പ്രണയത്തിലായിരുന്ന ഇരുവരും ബന്ധുക്കളെ അറിയിച്ച് നാട്ടിലെത്തി വിവാഹം നടത്തുകയായിരുന്നു.
ജ്യോതിഷ്കുമാർ വിവാഹം കഴിക്കാൻ തയാറെടുക്കുന്നതറിഞ്ഞ ആദ്യ ഭാര്യ രശ്മി കൊട്ടാരക്കര, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ജ്യോതിഷ്കുമാറിനെ വിളിപ്പിച്ചപ്പോൾ വിവാഹ നിശ്ചയം മാത്രമാണ് നടത്തുന്നതെന്നും വിവാഹമോചന കേസ് തീർന്നതിന് ശേഷമേ പുതിയ വിവാഹം നടത്തുകയുള്ളൂ എന്നുമാണ് പറഞ്ഞത്.
വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ വധു വരനോടൊപ്പം പൊലീസ് സ്റ്റേഷനിൽ അഞ്ചുമണിക്കൂറോളം ഇരുന്നു. തുടർന്ന് ബന്ധുക്കളോടൊപ്പം വധുവിനെ കാട്ടാമ്പാക്കിലെ വീട്ടിലേക്കയച്ചു.
ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതനായതിൽ രശ്മിയുടെ പരാതിയിൽ ജ്യോതിഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
