‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു.പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസിൽ പ്രതിയായ ഡ്രാക്കുള സുരേഷ് എന്ന ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷിനെയാണ് (40) കാപ്പ ചുമത്തി ഒരുവർഷത്തേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ആറുമാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.
ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ കഴിഞ്ഞ ആഗസ്റ്റിൽ ആലുവയിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലും നവംബറിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയായതിനെ തുടർന്നാണ് ഒരുവർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

