യുവ ഡോക്ടറുടെ ദാരുണമരണം; സംസ്ഥാന വ്യാപക പണിമുടക്കിന് ഐ.എം.എ ആഹ്വാനം
text_fieldsതിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടറെ പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ വൻ പ്രതിഷേധം. സംസ്ഥാന വ്യാപക പണിമുടക്കിന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) കെ.ജി.എം.ഒ.എയും ആഹ്വാനം ചെയ്തു.
24 മണിക്കൂർ സമരമാണ് ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഡോക്ടർമാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സമര പരിപാടിയെ കുറിച്ച് ആലോചിക്കാൻ ഉച്ചക്ക് ഒരു മണിക്ക് ആക്ഷൻ കൗൺസിൽ പ്രത്യേക യോഗം ചേരുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂർ മാധ്യമങ്ങളെ അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെയാണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ മണിലാൽ, ബേബി മോഹൻ, സന്ദീപിന്‍റെ ബന്ധു ബിനു എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.