ഡോ. വന്ദനദാസ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ ഹൈകോടതി സർക്കാർ നിലപാട് തേടി
text_fieldsകൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ്സർജനായിരുന്ന ഡോ. വന്ദനദാസ് പൊലീസ് കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയും പൊലീസിന്‍റെയും വിശദീകരണം തേടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് ജൂലായ് 21ന് പരിഗണിക്കാൻ ഹരജി മാറ്റി.
മേയ് പത്തിനു രാത്രിയിലാണ് പൊലീസ് മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന പൊലീസിന്‍റെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടെന്നും കൈവിലങ്ങ് അണിയിക്കാതെയാണ് ആശുപത്രിയിൽ കൊണ്ടു വന്നതെന്നും ഹരജിയിൽ പറയുന്നു. പ്രതി അക്രമാസക്തനായപ്പോൾ ഓടിക്കളഞ്ഞ പൊലീസുകാർ മുറി പുറത്തുനിന്ന് അടച്ചെന്നും ഡോ. വന്ദനാദാസിന്‍റെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ഭാര്യ ടി. വസന്തകുമാരിയും നൽകിയ ഹരജിയിൽ ആരോപിക്കുന്നു.
പൊലീസിന്‍റെ ഭാഗത്തുള്ള വീഴ്‌ചകൾ മറച്ചുെവച്ചാണ് അന്വേഷണം. ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകുന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കൊട്ടാരക്കര പൊലീസ് തങ്ങളുടെ വീഴ്‌ച മറയ്ക്കാനുള്ള തിടുക്കത്തിൽ കെട്ടിച്ചമച്ച പ്രഥമ വിവര മൊഴിയാണ് നിലവിലുള്ളത്. വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടു ചോദിച്ചാണ് മൊഴിയെടുത്തത്.
എന്നാൽ, പൊലീസ് തങ്ങളുടെ വിശദീകരണത്തിന് യോജിക്കുന്ന വിധത്തിൽ വസ്തുതകൾ വളച്ചൊടിച്ചെന്ന് ഈ സുഹൃത്ത് ആവർത്തിച്ചു പറയുന്നു. എന്നിട്ടും പൊലീസ് ഇതിൽ ഉറച്ചു നിൽക്കുകയാണ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി എന്നിവർക്ക് ജൂൺ അഞ്ചിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

