സ്റ്റെതസ്കോപ്പ് വെച്ച് ചികിത്സിക്കണം എന്ന് ആഗ്രഹിച്ച ഡോക്ടറുടെ മുന്നിലെത്തിയത് 20,000ത്തിലധികം മൃതദേഹങ്ങൾ
text_fieldsമുളങ്കുന്നത്തുകാവ്: വിടപറഞ്ഞ ഡോ. ഷേർലി വാസു കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളിലെ ഫോറൻസിക് സർജൻ ഇവരായിരുന്നു. 30 വർഷത്തിലേറെ നീണ്ട ഫോറൻസിക് ജോലിക്കിടെ ഡോ. ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിളിലെത്തിയത് ഒട്ടേറെ മൃതദേഹങ്ങൾ. ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേഹവും കടലുണ്ടി ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ഇവയിലുൾപ്പെടുന്നു.
‘സ്ത്രീയെന്നത് ജോലിയിൽ ഒരു പരിമിതിയേ ആയിട്ടില്ല. ഈ ജോലി ഇട്ടിട്ടുപോയാൽ തെറ്റിദ്ധാരണ പരക്കും. ഇത്തരം ജോലികൾ സ്ത്രീകൾക്ക് പ്രയാസമുള്ളതാണെന്ന് ധരിക്കും. സ്ത്രീയായതുകൊണ്ട് പൊലീസ് ഒരിക്കലും അവഗണിച്ചിട്ടില്ല. സഹകരിക്കുകയാണ് ഉണ്ടായത്. രോഗികളെ സ്തെതസ്കോപ്പ് വെച്ച് ചികിത്സിക്കുന്ന ഡോക്ടറാകണമെന്ന് ആഗ്രഹിച്ച തന്നെ കോട്ടയം മെഡി. കോളജിലെ മെഡിക്കൽ ബിരുദപഠനമാണ് ഫോറൻസിക്കിൽ എത്തിച്ചത് -അവർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
2010ൽ പ്രഫസറായാണ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. 2012ൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തിരിച്ചുപോയെങ്കിലും 2016ൽ തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ് വിരമിച്ചത്. കോട്ടയം മെഡി. കോളജിലെ മുൻ പ്രിൻസിപ്പൽ ബലരാമന്റെ നിർദ്ദേശപ്രകാരമാണ് പി.ജിയിൽ ഫോറൻസിക് വിഷയത്തിൽ ചേർന്നത്. അതുവരെ ഫോറൻസിക് മെഡിസിൻ എന്നത് മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡി. കോളജിൽ നിന്നാണ് എം.ഡി നേടിയത്. 1986 മുതൽ ’95 വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ അസി. പ്രഫസറും ’95 മുതൽ 2001 വരെ അസോ. പ്രഫസറുമായിരുന്നു.
20,000ത്തിലധികം മൃതദേഹങ്ങൾ ഷേർലി വാസുവിന്റെ മേശപ്പുറത്തെത്തി. തൃശൂർ മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ശേഷം കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായി ജോലി ചെയ്തു. ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. 2016ൽ സംസ്ഥാന സർക്കാറിന്റെ പുരസ്കാരത്തിന് അർഹയായി. ഫോറൻസിക് മെഡിസിനിൽ സ്ത്രീസാന്നിധ്യം അസാധ്യമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് തിരുവോണത്തലേന്ന് ഷേർലി വാസു വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

