Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ഹോൾഡ് ചെയ്യണേ, ഒന്ന്...

''ഹോൾഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം" ആ ചരിത്രദിനത്തിൽ പിണറായി നേരിട്ട്​​ വിളിച്ച അനുഭവം പങ്കുവെച്ച്​ ഡോ.ഷെമീർ വി.കെ

text_fields
bookmark_border
ഹോൾഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം  ആ ചരിത്രദിനത്തിൽ പിണറായി നേരിട്ട്​​ വിളിച്ച അനുഭവം പങ്കുവെച്ച്​ ഡോ.ഷെമീർ വി.കെ
cancel

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് മുഖ്യമ​ന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞു ഒരു മണിക്കൂർ ആകുന്നേ ഉള്ളൂ. കോവിഡ്​ ബാധിച്ച്​ വിശ്രമത്തിലാണ്​ കോഴിക്കോട്​ മെഡിക്കൽ കോളജിലെ ഡോ.ഷെമീർ വി.കെ. ഇളയ മകനൊപ്പം കളിക്കാനിരുന്നപ്പോഴാണ്​ വീണ്ടും ഫോൺബെൽ അടിക്കുന്നത്​.

''ആരാണ് ഇനിയും എന്ന മട്ടിൽ അവ​െൻറ നോട്ടം. ഫോൺ എടുത്തു. " ഹോൾഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം" ഞാൻ ചാടി എഴുന്നേൽക്കുന്നു. വിയർക്കുന്നു. "ഡോക്ടർക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്സിനും എടുത്തതല്ലേ, അപ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ല" സാക്ഷാൽ മുഖ്യമന്ത്രി''

കേരളരാഷ്​ട്രിയത്തിലെയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെയും ജീവിതത്തി​ലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു തെരഞ്ഞെടുപ്പ്​ഫലം വന്ന ദിവസമായിരുന്നു അന്ന്​. അതിനിടയിലാണ്​ അദ്ദേഹം തന്നെ ചികിത്സിച്ച ഡോക്​ടറുടെ ക്ഷേമമന്വേഷിക്കാൻ വിളിക്കുന്നത്​. ആ അനുഭവം ​ഫേസ്​ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്​ ഡോ.ഷെമീർ.

ഡോക്​ടറുടെ കുറിപ്പി​െൻറ പൂർണരൂപം
ജീവിതത്തിൽ കോവിഡിൻ്റെ ഒരു സ്പെഷ്യൽ എപിസോഡ് കൂടി കടന്നു പോവുകയാണ്. ഒന്നര വർഷമായി ഒപ്പമുള്ള യാത്രയിൽ ഈ വൈറസ് കുറച്ചൊന്നുമല്ല പരീക്ഷിച്ചത്, കണക്ക് കൂട്ടലുകൾ തെറ്റിച്ചത്. തരംഗങ്ങൾ പോലെ കൃത്യമായി ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന താളത്തിൽ ജീവിതത്തിലും ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു കോവിഡിന്റെ യാത്ര. ബാക്കി വെച്ച ഒന്നുണ്ടായിരുന്നു. സ്വയം ഒരു രോഗിയാവുക എന്നത്. അതും പൂർത്തിയാക്കുകയാണ്. ഇത്രയും കാലത്തെ സഹവാസത്തിന് ശേഷം വൈറസ് അതിലും വിജയം കണ്ടു.
രണ്ടാം തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയ ദിവസങ്ങളുടെ തുടക്കത്തിൽ പുതിയൊരു കെട്ടിടം കോവിഡ് ആശുപത്രി ആക്കാനുള്ള കഠിന പ്രയത്നത്തിൽ ആയിരുന്നു. ആദ്യം പനി കാണിക്കുന്നത് മകൻ. അന്ന് തന്നെ ചെയ്ത അൻ്റിജൻ ടെസ്റ്റ് പോസിറ്റീവ്. അടുത്ത ദിവസമായപ്പോഴേക്കും ഓരോരുത്തർക്കായി നല്ല ശരീര വേദന, ക്ഷീണം. വീട്ടിൽ ബാക്കി ഉള്ള അഞ്ച് പേരും ടെസ്റ്റ് ചെയ്തു, എല്ലാവരും പോസിറ്റീവ്.
വീട്ടിലേക്കുള്ള വൈറസിന്റെ വഴി ഇപ്പോഴും കൃത്യമായി അറിയില്ല. പുറത്ത് പോകുന്ന മൂന്നു പേരാണ്, എല്ലാവരും രണ്ട് ഡോസ് വാക്സിൻ എടുത്തവർ. വാക്സിൻ എടുത്താലും കോവിഡ് കിട്ടാമെന്നും മറ്റുള്ളവർക്ക് കൊടുക്കാമെന്നും ഇനി മറ്റൊരു തെളിവ് വേണ്ട. ചിലപ്പോൾ വാക്സിൻ എടുത്തതിന്റെ അമിതമായ ആത്മവിശ്വാസവുമാകാം പണി പറ്റിച്ചത്.
മൂന്നു നാലു ദിവസത്തിനകം എല്ലാവരും നിലം പരിശായി. ഏറ്റവും ക്ഷീണം എനിക്കും ഭാര്യക്കും. കട്ടിലിൽ കിടന്ന് ദയനീയമായി ഭാര്യ എന്നെ നോക്കി.
"അല്ല, എൻ്റെ കോവിഡ് ഇങ്ങനെ അല്ല, ഞാൻ മാസ്ക് താഴ്ത്തിയിട്ടേ ഇല്ല" ഞാൻ ആണയിട്ടു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ ഗംഭീരമായ ക്ഷീണത്തിൻ്റെ ആയിരുന്നു. ഒരു മല്ലനുമായി ഗുസ്തി കഴിഞ്ഞ ശരീരം പോലെ. രണ്ടടി നടക്കുക എന്നൊക്കെ പറഞാൽ എന്തൊരു അധ്വാനം. ഭക്ഷണം വേണ്ട. ഫോൺ കാണുകയേ വേണ്ട. ഉറങ്ങാം. എത്ര വേണമെങ്കിലും ഉറങ്ങാം.
ഭാര്യ വീണ്ടും നോക്കുന്നു. നോട്ടത്തിന്റെ അർത്ഥം പറയാതെ തന്നെ എനിക്ക് മനസ്സിലായി.
"എന്തൊക്കെ ആയിരുന്നു - വാക്സിൻ, ഇമ്യൂണിറ്റി, പ്രൊട്ടക്ഷൻ.... മലപ്പുറം കത്തി....."
"എൻ്റെ പ്രിയപപെട്ട ഭാര്യേ, നിൻ്റെ ശരീരത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ഇല്ലേ. എന്താ സംഭവിക്കുന്നത് എന്ന് വല്ല പിടിയും ഉണ്ടോ. വൈറസും നമ്മുടെ ഇമ്യൂണിറ്റിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം ആണത്. ശ്രദ്ധിച്ചു നോക്കിയാൽ നിന്റെ കോശങ്ങളിലെ ACE 2 റിസപ്റ്ററുകളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന വൈറസിനെ അടിച്ച് തെറിപ്പിക്കുന്ന ശബ്ദം പോലും കേൾക്കാം. വാക്സിൻ ഉച്ഛസ്ഥായിയിലെത്തിച്ച നമ്മുടെ രോഗ പ്രതിരോധ അവസ്ഥയും കോവിഡും തമ്മിലുള്ള കടുത്ത യുദ്ധത്തിന്റെ ക്ഷീണം നമ്മൾ അനുഭവിക്കാതിരിക്കുമോ. നമ്മൾ ന്യൂമോണിയയിൽ നിന്നും ARDS ഇൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സമാധാനിക്കുക."
എൻ്റെ വിശദീകരണത്തിൽ തൃപ്തി വന്നതു കൊണ്ടോ ഒരു വാദപ്രതിവാദത്തിനുള്ള ആരോഗ്യം ഇല്ലാതിരുന്നതു കൊണ്ടോ ചർച്ച അവിടെ അവസാനിച്ചു. ഞങ്ങൾ വീണ്ടും ഉറങ്ങി.
ഉറങ്ങിയും ഓറഞ്ച് ജ്യൂസും ഇളനീരും കുടിച്ചും (ഒരു പെട്ടി ഓറഞ്ച് എത്തിച്ചു തന്ന റഷീദ്, ഇളനീർ എത്തിച്ചു തന്ന ഷബാബ്, രജീഷ്, പല തരത്തിലുള്ള പഴങ്ങൾ എത്തിച്ചു തന്ന SK സർ, റോജിത്, സിജു എന്നിവർക്ക് പ്രത്യേക സ്മരണ) മൂന്നു നാല് ദിവസം പൂർത്തിയാക്കുമ്പോഴേക്കും വാക്സിനും ഇമ്മ്യൂണിറ്റിയും വൈറസിന് മുകളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ശരീരത്തിന് ഉണ്ടായിരുന്ന ഭാരവും പേശികൾക്കുണ്ടായിരുന്ന വലിവും വിട്ടു തുടങ്ങി. തലയിൽ വരിഞ്ഞു കെട്ടിയിരുന്ന കെട്ട് അയഞ്ഞു തുടങ്ങി. മണം ഇല്ലെങ്കിലും ഭക്ഷണത്തിന് ഉപ്പും പുളിയും വന്നു തുടങ്ങി. ഭാര്യ ചിരിച്ചും തുടങ്ങി.
അത് വരെ വിരക്തി തോന്നിയിരുന്ന ഫോണും ടിവിയും ഒന്നടുത്തത് മെയ് രണ്ടിനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കാണാനും കേൾക്കാനും ഉള്ള ആരോഗ്യം മനസ്സിനും ശരീത്തിനും വന്നു എന്നതു തന്നെ വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു. രാവിലെ മുതൽ ഒരു സെക്കൻ്റ് വിടാതെ ആർത്തിയോടെ റിസൾട്ട് മുഴുവൻ കണ്ടും കേട്ടും തീർത്തു. ഇങ്ങനെ തുടർച്ചയായി റിസൾട്ടിന് മുൻപിൽ ഇരിക്കാൻ പറ്റുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷമായിരിക്കും, അതിനും നന്ദി കോവിഡിനു തന്നെ. ഫല പ്രഖ്യാപനം കഴിയും വരെ ക്ഷീണവും വേദനകളും ഒളിച്ചിരുന്നു. അതിനിടെ കിട്ടിയ ഭക്ഷണവും കഴിച്ചു തീർത്തു.

ഫല പ്രഖ്യാപനം കഴിഞ്ഞ് മുഖ്യമന്ത്രിക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് കൂടി കേൾക്കാൻ ഫോണിൽ പത്ര സമ്മേളനം ലൈവ് വെച്ച് സോഫയിലേക്ക് ചാഞ്ഞു. ഇത് ആഘോഷിക്കാനുള്ള സമയമല്ല, കോവിഡിനെതിരെ പോരാടാനുള്ള സമയമാണെന്ന് കേട്ടപ്പോൾ മനസ്സൊന്ന് കുളിർത്തു.
അപ്പോഴേക്കും തുടർച്ചയായി ഫോണും ടിവിയും നോക്കിയുള്ള പപ്പയുടെ ഇരിപ്പ് ചെറിയ ആളെ അരിശം കൊള്ളിക്കാൻ തുടങ്ങിയിരുന്നു. ഫോണിനും TV ക്കും എതിരെ പ്രസംഗിക്കുന്ന ആൾ എന്തെ രാവിലെ തൊട്ട് ഇതിന് മുന്നിലാണല്ലോ എന്ന് അവൻ ചോദിച്ചില്ലെന്ന് മാത്രം. അവൻ്റെ ദുഃഖം മനസ്സിലാക്കി ഞങ്ങൾ മൊണോപോളി കളിക്കാൻ കാർഡ് നിരത്തി. അപ്പോൾ വീണ്ടും ഫോൺ ബെൽ. ആരാണ് ഇനിയും എന്ന മട്ടിൽ അവന്റെ നോട്ടം. ഫോൺ എടുത്തു.
" ഹോൾഡ് ചെയ്യണേ, ഒന്ന് CM ന് കൊടുക്കാം"
ഞാൻ ചാടി എഴുന്നേൽക്കുന്നു. വിയർക്കുന്നു.

"ഡോക്ടർക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്സിനും എടുത്തതല്ലേ, അപ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ല"

സാക്ഷാൽ മുഖ്യമന്ത്രി , തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് പത്രസമ്മേളനം കഴിഞ്ഞു ഒരു മണിക്കൂർ ആകുന്നേ ഉള്ളൂ, അതിനിടയിൽ ! എത്ര പേരോട് സംസാരിക്കാനുണ്ടാകും, എത്ര ഫോൺ വിളികൾ വരുന്നുണ്ടാകും, അതിനിടയിൽ !! മെഡിക്കൽ കോളേജിൽ ചികിത്സക്കിടയിൽ ഒത്തിരി ആരോഗ്യ പ്രവർത്തകർക്കിടയിൽ ഒരാളായി കണ്ട പരിചയമേ ഉള്ളൂ.
ഇനി കോവിഡ് എൻസഫലൈറ്റിസ് വല്ലതും ? Orientation to place, time, person ഒക്കെ സ്വയം check ചെയ്തു. കോൺഷിയസ് ആണ് ഓറിയന്റടുമാണ്. അപ്പോ സംഭവം ഉള്ളതു തന്നെ.
ഫോൺ വെച്ച ഉടൻ ഉമ്മയെ വിളിച്ചു.
"അതേയ് മുഖ്യമന്ത്രി വിളിച്ച് രോഗ വിവരം ചോദിച്ചു."
"ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നില്ലേ?" ഉമ്മക്ക് വലിയ അൽഭുതം ഒന്നുമില്ല.
"ആശ്വാസമുണ്ടോന്നോ, ആവേശം തോന്നുന്നുണ്ട്"
"അതാണ്. കഴിഞ്ഞ കുറെ കാലമായി വൈകുന്നേരം ടിവി കണ്ടു കൊണ്ടിരുന്ന ഞങ്ങൾക്കും അങ്ങനെ ആയിരുന്നു. എന്ത് കോവിഡ് വന്നാലും പ്രളയം വന്നാലും ആ വർത്താനം കേൾക്കുമ്പോൾ ഒരു ആശ്വാസമാണ്, ഒരു ധൈര്യവും"
ഒരു കാര്യം മനസിലായി. വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanShameer Vk
News Summary - Dr Shameer VK shared the experience of calling Pinarayi directly on that historic day
Next Story