ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന്റെ പിതാവിനെ പിടികൂടാനാകാതെ പൊലീസ്
text_fieldsതിരുവനന്തപുരം: സ്ത്രീധന തർക്കത്തെതുടർന്ന് വിവാഹം മുടങ്ങിയതുമൂലം മെഡിക്കൽ പി.ജി വിദ്യാർഥിയായ ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഡോ. റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാനാകാതെ പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽനിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന് ഷഹനയുടെ ആത്മഹത്യാ കുറിപ്പിലും വാട്സ്ആപ് ചാറ്റുകളിലും വ്യക്തമായിരുന്നു.
നിർണായകമായ ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവെച്ച് പൊലീസ് നടത്തിയ കള്ളക്കളികളാണ് പ്രതികൾക്ക് രക്ഷപ്പെടാൻ സാധ്യതയൊരുക്കിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസെടുക്കാത്തതും അന്വേഷണം നടത്താത്തതും രക്ഷപ്പെടാൻ വഴിയൊരുക്കി.
കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയനിലയിലാണ്. ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റഷീദിനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
റുവൈസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കസ്റ്റഡി അനുവദിച്ചേക്കും.

