‘ഗുരുതര രോഗം വല്ലതുമുണ്ടോ?’ -നിതിൻരാജിന്റെ മരണത്തിൽ പ്രതിയായ ഡോ. റാമിനെ അടുത്തുവിളിച്ച് ജഡ്ജിയുടെ ചോദ്യം; ഹൈപ്പർ ടെൻഷനും പ്രമേഹവുമുണ്ടെന്ന് മറുപടി
text_fieldsതലശ്ശേരി ജില്ല കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഡോ. റാമിനെ കൊണ്ടുപോകുന്നു
തലശ്ശേരി: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റല്‍ കോളജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിൻരാജ് ആത്മഹത്യചെയ്ത കേസിൽ റിമാൻഡിലുള്ള ഒന്നാംപ്രതി ഡോ. എം.കെ. റാമിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാവിലെ കേസ് പരിഗണിക്കുന്നതിനിടെ ഡോ. റാമിനെ കോടതി ഹാളിൽ അടുത്തുവിളിച്ച് ഗുരുതരമായ രോഗം വല്ലതുമുണ്ടോയെന്ന് ജഡ്ജി ചോദിച്ചു. ഹൈപ്പർ ടെൻഷനും പ്രമേഹ ബുദ്ധിമുട്ടുമുണ്ടെന്ന് പ്രതി ഡോ. റാം പറഞ്ഞു. പ്രതിഭാഗം അഭിഭാഷകന് പറയാനുള്ളതും കോടതി കേട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻ ജോർജാണ് ഡോ. റാമിനെ തിങ്കളാഴ്ച രാവിലെ തലശ്ശേരി എസ്.സി-എസ്.ടി പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയത്. പ്രതിയെ ഹാജരാക്കാൻ കണ്ണൂർ സബ് ജയിൽ സൂപ്രണ്ടിന് കഴിഞ്ഞദിവസം കോടതി പ്രൊഡക്ഷൻ വാറന്റ് നൽകിയിരുന്നു. ഡോ. റാമിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ ഹരജിയും നൽകി.
ആഗസ്റ്റ് ആറുവരെ കണ്ണൂർ സബ് ജയിലിൽ റിമാൻഡ് ചെയ്ത റാമിനെ കോടതി ഉത്തരവ് പ്രകാരം തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കോടതിയിൽ ഇയാളെ തിരിച്ചേൽപ്പിക്കണം. കസ്റ്റഡിയിലിരിക്കെ പ്രതിയെ ശാരീരികമായോ, മാനസികമായോ ഉപദ്രവിക്കരുതെന്നും കോടതിയിൽ തിരിച്ചേൽപിക്കുംമുമ്പ് വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും ജഡ്ജി എസ്. മനോജ് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
കസ്റ്റഡിയിൽ മൂന്നുദിവസം പോരേയെന്ന് ജഡ്ജി ആരാഞ്ഞപ്പോൾ, പ്രതിയെ കണ്ടെത്താൻ കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലടക്കം അന്വേഷണം നടന്ന കേസായതിനാൽ അഞ്ചുദിവസം വേണമെന്നായിരുന്നു ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ ആവശ്യപ്പെട്ടത്.
കോടതി നടപടി പൂർത്തിയാക്കിയശേഷം അന്വേഷണ സംഘം ഡോ. റാമിനെയും കൊണ്ട് കണ്ണൂരിലേക്ക് മടങ്ങി.
ഏപ്രിൽ 10നാണ് ഡെന്റൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി നിതിൻരാജ് ജീവനൊടുക്കിയത്. സംഭവം നടന്ന് 100 ദിവസം പിന്നിട്ട ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച ഡോ. റാമിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റുചെയ്തതിനെ തുടർന്ന് തലശ്ശേരി എസ്.സി-എസ്.ടി പ്രത്യേക കോടതി ഇയാളെ വിട്ടയച്ച സാഹചര്യം വലിയ വിവാദമായിരുന്നു. പൊലീസിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ കോടതി അനുമതിയോടെയാണ് റാമിനെ വ്യാഴാഴ്ച വീണ്ടും അറസ്റ്റുചെയ്തത്.
റാമിനെ ചോദ്യം ചെയ്ത് തുടങ്ങി; അധിക്ഷേപിച്ചില്ലെന്ന് മൊഴി
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. റാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻജോർജാണ് റാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.
ജാതിയധിക്ഷേപവും മറ്റും നടത്തിയിട്ടില്ലെന്നും പഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളോട് കർശന നിലപാട് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള മൊഴിയാണ് റാം ആവർത്തിച്ചത്. ചൊവ്വാഴ്ചയും ചോദ്യം ചെയ്യൽ തുടരും. കോളജിൽ എത്തിച്ച് നിതിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പിടിയിലായപ്പോഴും റാം ഇതേ മൊഴിയാണ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

