മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് സഭ മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്നതായി പരാതി
text_fieldsപത്തനംതിട്ട: അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയും പത്മഭൂഷൺ ജേതാവുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ നൽകാൻ സഭയുടെ പരമാധ്യക്ഷൻ അനുവാദം നൽകിയില്ലെന്ന് ആരോപണം. മാർ ക്രിസോസ്റ്റത്തിെൻറ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളി സംരക്ഷണ സമിതിയാണ് ഗുരുതര ആരോപണം ഉന്നയിച്ച് ഫെലോഷിപ് മിഷന് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നൽകിയത്.
ക്രിസോസ്റ്റത്തെ കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ മാർത്തോമ സഭയുടെ തലവനായ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത അനുവദിക്കുന്നില്ലെന്ന് ഇവർ കത്തിൽ പറയുന്നു. ഡോ. ജോസഫ് മാർത്തോമ ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്.
വലിയ മെത്രാപ്പോലീത്തക്ക് കഴിഞ്ഞദിവസം പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിെൻറ അനുവാദത്തോടെ ബന്ധുക്കൾക്കൊപ്പം വെല്ലൂരില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘം പറഞ്ഞതായും എന്നാൽ, സഭ അനുവാദം നൽകിയില്ല എന്നുമാണ് ആരോപണം. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിഷേധാത്മക സമീപനം കടുത്ത അനാദരവും മനുഷ്യവകാശ ലംഘനവുമാണെന്നും ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും കത്തിൽ പറയുന്നു. ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സംരക്ഷണ സമിതി പ്രസിഡൻറ് കെ.വി. ഉമ്മനാണ് കത്തെഴുതിയത്.
എന്നാൽ, മാർ ക്രിസോസ്റ്റത്തിെൻറ ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം സ്വതസിദ്ധമായ തമാശയിൽ സംസാരിക്കുന്നുണ്ടെന്നും ഇവിടത്തെ ചികിത്സയെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും സഭ സെക്രട്ടറി കെ.ജി. ജോസഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അേദ്ദഹത്തെ താൻ 30ാം തീയതി മുതൽ എല്ലാ ദിവസവും സന്ദർശിക്കുന്നുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.ജി. ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
