ഡോ. പി.സി ശശീന്ദ്രന് വെറ്ററിനറി യൂനിവേഴ്സിറ്റി വി.സിയുടെ ചുമതല
text_fieldsതിരുവനന്തപുരം: ഡോ.പി.സി ശശീന്ദ്രന് വെറ്ററിനറി യൂനിവേഴ്സിറ്റിയുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂനിവേഴ്സിറ്റിയിലെ മുൻ അധ്യാപകനാണ് പി.സി.ശശീന്ദ്രൻ. യൂനിവേഴ്സിറ്റി വിസിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ചുമതല മറ്റൊരാൾക്ക് നൽകി ഗവർണർ ഉത്തരവിറക്കിയത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ ഡോ. പി.സി ശശീന്ദ്രൻ യൂനിവേഴ്സിറ്റിയുടെ വി.സിയായി തുടരും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തതെന്ന് വെറ്ററിനറി യൂനിവേഴ്സിറ്റി മുൻ വി.സി ഡോ.എം.ആർ ശശീന്ദ്രൻ പറഞ്ഞിരുന്നു. ഗവർണർ വി.സിയെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണറുടെ നടപടിക്കെതിരെ കോടതിയിൽ പോകില്ല. പ്രതികാര നടപടിയാണെന്ന് കരുതുന്നില്ല. ഗവർണറുമായി നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീനിനേയും അസിസ്റ്റന്റ് വാർഡനേയും സസ്പെൻഡ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സസ്പെൻഷൻ വാർത്തയെത്തിയത്. ഇരുവരുടേയും സസ്പെൻഷൻ ഓർഡറിൽ താൻ ഒപ്പിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. വാട്സാപ്പിലൂടെയാണ് സസ്പെൻഡ് ചെയ്യുന്നുവെന്ന വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.സിദ്ധാർഥിനെതിരായ പരാതി വി.സിയേയും രജിസ്ട്രാറേയും അറിയിച്ചിരുന്നില്ല. വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യം ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സിദ്ധാർഥൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവർ ഇന്നു പുലർച്ചെ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

