മുരളി തുമ്മാരുകുടി ദുരന്ത നിവാരണത്തിൽനിന്ന് കളം മാറുന്നു; പുതിയ ജോലി ജർമനിയിൽ
text_fieldsജനീവ: മലയാളിയും ദുരന്ത നിവാരണ മേഖലയിൽ പ്രശസ്തനുമായ മുരളി തുമ്മാരുകുടി പുതിയ തട്ടകത്തിലേക്ക് കളംമാറുന്നു. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് പുതിയ തൊഴിൽമേഖല.
നിലവിൽ ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്താണ് തുമ്മാരുകുടി സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം മുതൽ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും 2040 ഓടെ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകളെന്ന് തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
മരുഭൂമിവൽക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെഷൻ ആസ്ഥാനത്താണ് ഓഫിസ്. ഏപ്രിൽ 11ാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.
മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം:
സുഹൃത്തേ,
ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്.
മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകൾ.
കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മനസ്സിലാക്കി വരുന്ന കാലഘട്ടത്തിലാണ് മനുഷ്യ ചരിത്രത്തിൽ ഇന്ന് വരെ ശ്രമിച്ചിട്ടില്ലാത്തത്രയും വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നത്. അതുകൊണ്ട് തന്നെ അതിന് നേതൃത്വം നല്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. മരുഭൂമിവൽക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെഷൻ ആസ്ഥാനത്താണ് ഓഫീസ്.
ഏപ്രിൽ പതിനൊന്നാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.
മുരളി തുമ്മാരുകുടി