കമ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
text_fieldsതൃശൂർ: ജനകീയ ശാസ്ത്ര പ്രചാരകനും പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് തൃശൂർ കോട്ടപ്പുറത്തെ വസതിയിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അവശതകളെത്തുടർന്ന് ഏതാനും വർഷമായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
എം.പി. പരമേശ്വരൻ അവതരിപ്പിച്ച ‘നാലാംലോക സിദ്ധാന്തം’ സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിവെച്ചു. സിദ്ധാന്തം തള്ളിയ സി.പി.എം, 2004ൽ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഇതോടെ പാർട്ടിയുമായുണ്ടായിരുന്ന 33 വർഷം നീണ്ട ബന്ധം അവസാനിച്ചു.
ഭാഭാ അറ്റോമിക് റിസർച്ച് സെന്റിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കവെ ജോലി ഉപേക്ഷിച്ചാണ് മുഴുസമയ സാമൂഹിക-സാംസ്കാരിക പ്രവർത്തകനായത്. ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരത പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു.
1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും മാടമ്പ് സാവിത്രി അന്തർജനത്തിന്റെയും മകനായാണ് ജനനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി റഷ്യയിലെ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്.ഡി നേടി.
1970ൽ രൂപവത്കരിക്കപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പിന്നീട് ജോലി രാജിവെച്ചു. ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്കിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം ദേശീയതലത്തിൽ സാക്ഷരത പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും മുൻനിരയിൽ പ്രവർത്തിച്ചു. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിലെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
മലയാളത്തിൽ 29 ജനപ്രിയ ശാസ്ത്ര പുസ്തകങ്ങളും ഇംഗ്ലീഷിൽ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതി, ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക്, ദേശീയ സാക്ഷരത മിഷൻ എന്നിവയുടെ വളർച്ചയിൽ പങ്കുവഹിച്ചു. പുല്ലൂർ മനയ്ക്കൽ ഭവാനിയാണ് ഭാര്യ. അരുൺ (യു.എസ്), വിപിൻ (മുംബൈ) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

