കർഷക അവാർഡ് നേട്ടത്തിൽ ഡോ. എം. മുഹമ്മദ് ആസിഫ്
text_fieldsകൊടുവള്ളി: സംസ്ഥാന കർഷക അവാർഡ് മടവൂർ പഞ്ചായത്തിലെ പൈമ്പാലശ്ശേരി മൊടയാനി വീട്ടിൽ ഡോ. എം. മുഹമ്മദ് ആസിഫിന് ലഭിച്ചു. നവമാധ്യമ വിഭാഗത്തിലാണ് ആർ. ഹേലി സ്മാരക കർഷക ഭാരതി അവാർഡിനർഹനായത്. 50,000 രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് ലഭിക്കുക.
2017ൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽനിന്ന് വെറ്ററിനറി സയൻസിൽ ബിരുദം നേടിയ മുഹമ്മദ് ആസിഫ് 'മാധ്യമം' ദിനപത്രം ഉൾപ്പെടെ പത്രമാസികകളിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലുമായി ഇതുവരെ അഞ്ഞൂറിലധികം കാർഷിക ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കാർഷിക വാർത്തകൾ, കർഷകരുടെ വിജയകഥകൾ, മൃഗപരിപാലനത്തിലെ വിജയകരമായ മാതൃകകൾ, ക്ഷീര-മൃഗസംരക്ഷണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, ശാസ്ത്രീയമായ പരിപാലന രീതികൾ, രോഗപ്രതിരോധമാർഗങ്ങൾ, കാലാവസ്ഥ അതിജീവന മാർഗങ്ങൾ, മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരാൻ ഇടയുള്ള ജന്തുജന്യരോഗങ്ങളുടെ പ്രതിരോധം, പുതിയ സംരംഭകർക്കുള്ള മാർഗനിർദേശങ്ങൾ, സർക്കാർ പദ്ധതികൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിന് ക്ഷീരവികസന വകുപ്പിെൻറ 2019ലെ സംസ്ഥാന മാധ്യമ പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോൾ മണ്ണുത്തി വെറ്ററിനറി കോളജിൽ വിജ്ഞാനവ്യാപന വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. 'മാനേജ്' ഹൈദരാബാദിൽനിന്ന് കാർഷിക വിജ്ഞാനവ്യാപനത്തിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ െഗസ്റ്റ് ഫാക്കൽറ്റി കൂടിയാണ്.

