പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ. ലത അന്തരിച്ചു
text_fieldsഒല്ലൂർ: പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. എ. ലത (51) അന്തരിച്ചു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകയും സർക്കാറിതര സംഘടനയായ റിവർ റിസർച് സെൻററിെൻറ ഡയറക്ടറുമായിരുന്നു. ഭർത്താവ് ഒല്ലൂർ എടക്കുന്നി വാരിയത്ത് ‘കാർത്തിക’യിൽ ഉണ്ണികൃഷ്ണനുമൊത്ത് ഒല്ലൂരിലായിരുന്നു താമസം. അർബുദം ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ എേട്ടാടെ എടക്കുന്നിയിലെ വസതിയിലായിരുന്നു അന്ത്യം.
കാർഷിക രംഗത്തെ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ലത രണ്ട് പതിറ്റാണ്ടു മുമ്പ് കൃഷി വകുപ്പിൽ ഒാഫിസറുടെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയം പരിസ്ഥിതി പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ചാലക്കുടിപ്പുഴ സംരക്ഷണമായിരുന്നു പ്രധാന പ്രവർത്തന രംഗം. നിർദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ വിപത്തിനെക്കുറിച്ച് ഭരണകൂടത്തെയും ജനത്തെയും നിരന്തരം ഒാർമിപ്പിച്ച ലത, ചാലക്കുടിപ്പുഴയുടെ നാശം തടയാനും കൂട്ടായ്മകളിലൂടെ പ്രവർത്തിച്ചു. പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ മറ്റു സ്ഥലങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
പശ്ചിമഘട്ട രക്ഷായാത്രയുമായി ബന്ധപ്പെട്ട് നടന്ന മുന്നേറ്റം ലതയുടെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഉൗർജമേകി. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അവഗാഹം അവരെ രാജ്യത്തും പുറത്തും അത്തരം ചർച്ചകളിലും പ്രവർത്തനങ്ങളിലും പങ്കാളിയാക്കി. ജല സംരക്ഷണ പ്രവർത്തനങ്ങൾ മാനിച്ച് ഭഗീരഥ പ്രയാസ് സമ്മാൻ, ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ‘ൈഡയിങ് റിവേഴ്സ്’, ‘ട്രാജഡി ഒാഫ് വുമൺ’ എന്നിവ ലതയുടെ രചനകളാണ്. എറണാകുളം സ്വദേശി സദാനന്ദ കമ്മത്തിെൻറയും വരദഭായിയുടെയും മകളാണ്. സഹോദരങ്ങൾ സുരേഷ്, സതീഷ്.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഒല്ലൂരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ ബി.ഡി. ദേവസി, കെ. രാജൻ, വി.ടി. ബൽറാം, അനിൽ അക്കര, ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ, പ്രഫ. സാറ ജോസഫ്, പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, ഹരീഷ് വാസുദേവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
