നിലച്ചു; ആ പ്രവാഹം...
text_fieldsതൃശൂർ: ‘കാതോർത്തു കേൾക്കൂ, അണക്കെട്ടിനപ്പുറത്ത് ഒഴുകാൻ െവമ്പുന്ന പുഴയുടെ ശബ്ദം കേൾക്കാം. പൊട്ടിച്ചു വരാനുള്ള വെമ്പൽ. അത് ഏത് ഭാഷയിലാണെന്നറിയില്ല. പക്ഷെ, പ്രതീക്ഷ കൈവിടാതെ പുഴ കാത്തിരിക്കുന്നുണ്ട്. ഒഴുക്കിലാണ് അതിെൻറ പ്രതീക്ഷ, അതാണ് പുഴയുടെ ജീവൻ’ -ഡോ. ലത ഒരിക്കൽ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെപ്പറ്റിയും ചാലക്കുടിപ്പുഴയെപ്പറ്റിയും ലതയും കൂട്ടരും പറയുന്നത് പുച്ഛത്തോടെ കേട്ട വലിയൊരു വിഭാഗം ഉണ്ടാവാം. പക്ഷെ, കൗതുകത്തോടെ അവരെ പിന്തുടർന്നവർ ഏറെയുണ്ടായിരുന്നു. അവർ കേട്ടുകേട്ടിരിക്കെ, കണ്ടു കണ്ടിരിക്കെ ആ പുഴയിലെ ഓളങ്ങൾ പതിഞ്ഞ താളത്തിലായി, ക്രമേണ നിലച്ചു. അതിപ്പോൾ വറ്റി വരണ്ടിരിക്കുന്നു. ‘പുഴയുടെ ഡോക്ടർ’ എന്ന വിശേഷണമുള്ള ലത- കടന്നു പോകുേമ്പാൾ വരണ്ടു പോയ പുഴയെന്ന പോലുള്ള അനുഭവമാണ് പരിസ്ഥിതി സ്നേഹികൾക്ക് തോന്നുക.
പരിസ്ഥിതിക്കും പുഴ സംരക്ഷണത്തിനും വേണ്ടിയാണ് ലത ജീവിച്ചത്. ‘സഞ്ചി തൂക്കി’കളെന്ന കളിയാക്കലിനെ ശാസ്ത്രീയമായ അപഗ്രഥനത്തോടെ നേരിട്ടു. അെതാരിക്കലും കവല പ്രസംഗമായില്ല. തന്നെ തേടിയെത്തിയവരോടും താൻ ഇടപെട്ടിടത്തും കേൾക്കുന്നവരോടും ലത മറകളില്ലാതെ തുറന്നടിച്ചു. എന്നോ നഷ്ടമാവേണ്ടിയിരുന്ന അതിരപ്പിള്ളിയുടെ മനോഹാരിതയും ജീവസ്സും ഇപ്പോഴും നിലനിൽക്കുന്നുെവങ്കിൽ അതിന് ലതക്കും കൂട്ടർക്കും നന്ദി പറയണം. പരിസ്ഥിതിയുടെ രാഷ്ട്രീയമായിരുന്നു ലതയുടെ രാഷ്ട്രീയം. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രധാന്യം നല്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടിൽ ഡോ. ലതയെക്കുറിച്ചുള്ള പരാമര്‍ശം അവർ എത്രമേൽ പരിസ്ഥിതിയെ അറിഞ്ഞുെവന്നതിന് തെളിവായി. ഗാഡ്ഗിൽ കമ്മിറ്റി ഉണ്ടാവുന്നതിന് പിന്നിലും അവർക്ക് പങ്കുണ്ടായിരുന്നുവെന്നത് കുറച്ചു പേർക്ക് മാത്രം അറിയുന്ന കാര്യം. പരിചിതർക്കെല്ലാം അവർ ലതച്ചേച്ചിയാണ്. പരിസ്ഥിതിക്കും പുഴകൾക്കും ഒപ്പം ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു. നാട് ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ നൽകാൻ സ്വന്തം വീട്ടിൽ വിട്ടുവീഴ്ച ചെയ്തു. ചാലക്കുടി പുഴക്കപ്പുറത്തും ലതയുടെ പ്രവർത്തനം വ്യാപിച്ചിരുന്നു. എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ തെൻറ പാരിസ്ഥിതികകാര്യ ആശങ്കകൾ അവർ എഴുതി.
പുഴ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന റിവര്‍ റിസര്‍ച് കമ്മിറ്റിക്കു വേണ്ടി ദേശീയ,-അന്തര്‍ദേശീയ തലത്തില്‍ ലത അവതരിപ്പിച്ചത് നിരവധി പ്രബന്ധങ്ങളാണ്. അതിലെ വാക്കുകളെല്ലാം പുഴകളുടെ, ഒഴുക്കിെൻറ ഹൃദയ സ്പന്ദനങ്ങളായി. വെട്ടിയൊതുക്കാൻ വെമ്പുന്ന വികസന രാഷ്ട്രീയത്തിെൻറ വക്താക്കളോട് ഒരു പുഴയെ, പ്രകൃതിയെ, പരിസ്ഥിതിയെ, ജീവനെ എങ്ങനെ നിലനിർത്തി വികസനം സാധ്യമാക്കാം എന്ന് ബോധ്യപ്പെടുത്താനായിരുന്നു ലത തെൻറ ജീവിതത്തിലൂടെ ശ്രമിച്ചത്.
കാർഷിക രംഗത്തെ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ലത രണ്ട് പതിറ്റാണ്ടു മുമ്പ് കൃഷി വകുപ്പിൽ ഒാഫിസറുടെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയം പരിസ്ഥിതി പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ മറ്റു സ്ഥലങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അവഗാഹം അവരെ രാജ്യത്തും പുറത്തും അത്തരം ചർച്ചകളിലും പ്രവർത്തനങ്ങളിലും പങ്കാളിയാക്കി. ജല സംരക്ഷണ പ്രവർത്തനങ്ങൾ മാനിച്ച് ഭഗീരഥ പ്രയാസ് സമ്മാൻ, ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ‘ൈഡയിങ് റിവേഴ്സ്’, ‘ട്രാജഡി ഒാഫ് വുമൺ’ എന്നിവ ലതയുടെ രചനകളാണ്.മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ ബി.ഡി. ദേവസി, കെ. രാജൻ, വി.ടി. ബൽറാം, അനിൽ അക്കര, ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ, പ്രഫ. സാറ ജോസഫ്, പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, ഹരീഷ് വാസുദേവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
