വിവാദങ്ങൾക്കിടെ ഡോ. കെ.വി.വിശ്വനാഥന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍
text_fieldsഡോ. കെ.വി.വിശ്വനാഥൻ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായി (ഡി.എം.ഇ) ഡോ. കെ.വി. വിശ്വനാഥനെ സർക്കാർ നിയമിച്ചു. ജോയന്റ് ഡി.എം.ഇ ആയിരുന്ന അദ്ദേഹം ഡോ. തോമസ് മാത്യു വിരമിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സര്‍ജറി വിഭാഗം പ്രഫസറായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ തുറന്നുപറച്ചിലിനോടനുബന്ധിച്ച കോലാഹലങ്ങൾക്കിടെ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും ഫോണിലൂടെ ഡോ. വിശ്വനാഥന് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു.
സീനിയോറിറ്റി മറികടന്ന് വിശ്വനാഥന് സ്ഥിരം നിയമനം നല്‍കുന്നതിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയും മറ്റും രംഗത്തുവന്നു. മെഡിക്കല്‍ കോളജ് പ്രിന്സിപ്പല്മാരുടേതടക്കം സീനിയോറിറ്റി പട്ടിക ആരോഗ്യവകുപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ആറാമത്തെയാളാണ് ഡോ. വിശ്വനാഥന്. സീനിയോറിറ്റി ലംഘിച്ചെന്ന് ആരോപിച്ച് പട്ടികയിലുള്ള രണ്ടുപേര്‍ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സീനിയോറിറ്റി പട്ടിക പരിഗണിച്ച് സ്ക്രീനിങ് കമ്മിറ്റി നിർദേശിക്കുന്നവരില്നിന്നാണ് ഡി.എം.ഇ നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര, ആരോഗ്യ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായിരുന്നു അംഗങ്ങള്‍. ഡയറക്ടര്‍ അടക്കം ഭരണച്ചുമതല വഹിക്കുന്നവരെ നിയമിക്കുന്നതിനുള്ള ചട്ടങ്ങള്‍ ദേശീയ മെഡിക്കല്‍ കമീഷന് അടുത്തിടെ പുറത്തിറക്കിയിരുന്നു. അഞ്ചുവര്‍ഷം പ്രഫസര്‍ തസ്തികയിലടക്കം പത്തുവര്‍ഷത്തെ അധ്യാപന പരിചയമാണ് കമീഷന് നിർദേശിക്കുന്നത്. സീനിയോറിറ്റിയും മെറിറ്റും പരിഗണിച്ചുവേണം നിയമനമെന്നും ചട്ടത്തിലുണ്ട്. വിരമിച്ച ഒരാൾ ഒഴികെ മറ്റ് നാലുപേരെയും മറികടന്നാണ് വിശ്വനാഥന് നിയമനം നൽകിയതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

