ഡോ. കൃഷ്ണകുമാർ വിടപറയുമ്പോൾ...
text_fieldsഡോ. പി കൃഷ്ണകുമാർ
ഏതാണ്ട് പതിനഞ്ച് മാസംമുമ്പാണ് ഡോ. കൃഷ്ണകുമാർ എന്നെ ഫോണിൽ ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയുടെ വയോജനോത്സവവുമായി സഹകരിച്ച് ഒരു പ്രഭാഷണം ചെയ്യാമോ എന്ന് ചോദിച്ചത്. ഡൽഹിയിൽ മറ്റ് തിരക്കുകളിൽ പെട്ടുപോയ എനിക്ക് അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കാൻ കഴിഞ്ഞില്ല. എങ്കിലും പരിപാടി ഗംഭീരമായി നടന്നു.
വിവിധ മേഖലകളിൽനിന്നുള്ള നിരവധി പേർ പങ്കെടുത്ത ആ പരിപാടിയുടെ ബ്രോഷർ കൃഷ്ണകുമാർ എനിക്കയച്ചുതന്നു. കോഴിക്കോട് നഗരസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 2023 നവംബർ 10 മുതൽ 15 വരെ വയോജന സംഗമവും വയോജനോത്സവവും നടന്നത്. ലോകത്തെ എല്ലാ നഗരസഭകൾക്കും മാതൃകയാക്കാവുന്ന, ഒരുവേള എല്ലാ നഗരസഭകളും മാതൃകയാക്കേണ്ടുന്ന ഒരു പരിപാടിയായിരുന്നു അത്. ഏതെങ്കിലും ഒരു നഗരസഭ മാത്രം വയോജന സൗഹൃദമായാൽ പോരാ; ലോകം തന്നെ വയോജന സൗഹൃദമാകേണ്ടതാണല്ലോ!
ഡോ. കൃഷ്ണകുമാർ ശനിയാഴ്ച അന്തരിച്ചതായി സിവിക് ചന്ദ്രന്റെ പോസ്റ്റ് കണ്ടു. പിന്നീട് വിവരം ‘മാധ്യമ’ത്തിൽനിന്നും സ്ഥിരീകരിച്ചു. കേവലം 63 വയസ്സിൽ തന്നെ അദ്ദേഹം നമ്മെ വിട്ടുപോയി. വാർധക്യം ആഘോഷിക്കണമെന്ന വയോജനോത്സവത്തിന്റെ സന്ദേശം ബാക്കിവെച്ചുകൊണ്ട് കൃഷ്ണകുമാർ പോയി.
പീഡിയാട്രിക് സൈക്യാട്രിസ്റ്റായി ആരോഗ്യരംഗത്ത് സേവനം ചെയ്ത കൃഷ്ണകുമാർ തുടക്കം മുതൽ ജീവിതാവസാനം വരെയും ആരോഗ്യരംഗത്തെ സാമൂഹിക പ്രതിബദ്ധതയെ സ്വന്തം തൊഴിൽ ജീവിതത്തിലൂടെ സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആരോഗ്യസംവിധാനങ്ങളും ചികിത്സയും ശുശ്രൂഷയും കരഗതമാകുന്നതിനുവേണ്ടി സംവിധാനങ്ങളെയും സമൂഹത്തെയും ഉപയോഗിക്കാൻ ശ്രമിച്ച കൃഷ്ണകുമാർ കച്ചവടവത്കരിക്കപ്പെട്ട ചികിത്സാരംഗത്തെ വേറിട്ട സാന്നിധ്യമായിരുന്നു. മുമ്പ് മെഡിക്കൽ കോളജിലായിരുന്ന കാലത്തും പിന്നീട് ഇംഹാൻസ് ഡയറക്ടർ എന്ന നിലയിലും കൃഷ്ണകുമാർ ശ്രമിച്ചത് ആതുരശുശ്രൂഷാ രംഗത്തിന്റെ ജനാധിപത്യവത്കരണത്തിനും ജനകീയവത്കരണത്തിനും വേണ്ടിയായിരുന്നു.
1980കളുടെ ഒടുവിലാണ് എനിക്ക് കൃഷ്ണകുമാറുമായുള്ള സൗഹൃദം തുടങ്ങുന്നത്. അന്ന് അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലും ഞാൻ ഇതേ നഗരത്തിൽ ലോ കോളജിലും വിദ്യാർഥിയായിരുന്നു. അന്ന് ഞങ്ങൾ ‘പരിസരവേദി’ എന്ന സ്വതന്ത്ര പരിസ്ഥിതി സംഘടനയിൽ സജീവമായിരുന്നു. ഇന്ന് പറഞ്ഞാൽ പലരും വിശ്വസിക്കാൻപോലും തയാറാകാത്ത ഒരു സമരം ഞങ്ങൾ പരിസരവേദിക്കാർ അന്ന് നടത്തി. ആകാശവാണിയിൽ വാണിജ്യ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനെതിരെ, അങ്ങനെ ആകാശവാണിയെ പരസ്യ വാണിയാക്കുന്നതിനെതിരെ ബ്രഹ്മപുത്രൻ, സത്യൻ തുടങ്ങിയവർക്കൊപ്പം കൃഷ്ണകുമാറും ഞാനും ആകാശവാണിക്കുമുന്നിൽ നിരാഹാര സത്യഗ്രഹം നടത്തി. ഇന്ന് വിചിത്രമായിത്തോന്നാവുന്ന ഈ സമരാനുഭവം പക്ഷേ, കൃഷ്ണകുമാറിന്റെ വാണിജ്യവത്കരിക്കപ്പെടാത്ത സാമൂഹിക ബോധത്തിനുള്ള ഉദാഹരണം കൂടിയായിരുന്നു. കേരളത്തിലെ ജനകീയാരോഗ്യ മേഖലക്ക് കൃഷ്ണകുമാർ നൽകിയ സംഭാവനകൾ ആഴത്തിൽ വിലയിരുത്തപ്പെടണം. മെഡിക്കൽ കോളജിനകത്തും പുറത്തും ആശുപത്രിക്കകത്തും പുറത്തും അദ്ദേഹം ഒരു ജനകീയ ഡോക്ടറായിരുന്നു. വിദ്യാർഥി ജീവിതകാലത്ത് അദ്ദേഹം കാണിച്ച സാമൂഹിക ബോധവും, മനുഷ്യരോടും പ്രകൃതിയോടുമുള്ള കറകളഞ്ഞ പ്രതിബദ്ധതയും സഹജമായ നിഷ്കളങ്കതയോടെ ജീവിതകാലം മുഴുക്കെ വെച്ചുപുലർത്തി. സമാനതകളില്ലാത്ത തന്റെ ജീവിതത്തെ പക്ഷേ, കൃഷ്ണകുമാർ ഏറെയൊന്നും പരസ്യപ്പെടുത്തിയതുമില്ല.
തന്റെ അന്തർമുഖത്വം പക്ഷേ, ഒരിക്കലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ശേഷിയെയോ പ്രസക്തിയെയോ ബാധിച്ചതേയില്ല. ഒരുപക്ഷേ, ഈ അന്തർമുഖത്വത്തിൽനിന്നും നേടിയ ഗതികോർജമാണ് കൃഷ്ണകുമാറിനെ ഒരു ആജീവനാന്ത ആക്ടിവിസ്റ്റ് ഡോക്ടറായി മാറ്റിയെടുത്തത്.
ഇത്ര പെട്ടെന്ന് കൃഷ്ണകുമാർ, താങ്കൾ വിട്ടുപോകുമെന്ന് കരുതിയില്ല. ഇനിയെപ്പോഴെങ്കിലും കോഴിക്കോട്ട് വന്നാൽ കാണാമെന്ന് താങ്കൾക്ക് ഞാൻ നൽകിയ വാക്കും വെറുതെയായതായി അറിയുന്നു. എന്നാൽ, ഈ വിയോഗത്തിലൂടെ കേരളത്തിനുണ്ടായ വലിയ നഷ്ടത്തെക്കുറിച്ചോർക്കുമ്പോൾ എന്റെ ദുഃഖങ്ങൾ വൈയക്തികവും താരതമ്യേന അപ്രസക്തവുമാകാം. നന്ദി, കൃഷ്ണകുമാർ, നന്ദി. മറ്റാർക്കും സാധിക്കാത്ത ഒരു ജീവിതം ജീവിച്ചതിന്. അതുവഴി, മരണത്തെ നിഷ്പ്രഭമാക്കിയതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

