ഡോ. കെ.എം. അബൂബക്കർ: സിജിയിലൂടെ വഴികാട്ടിയായത് ആയിരങ്ങൾക്ക്
text_fieldsകോഴിക്കോട്: ശാസ്ത്രത്തോടൊപ്പം മാനവികതയെയും കൈകോർത്തു പിടിച്ച പ്രതിഭാധനനായിരുന്നു അന്തരിച്ച ഭാർക് രസതന്ത്രജ്ഞൻ ഡോ. കെ.എം. അബൂബക്കർ. മുംബൈയിലെ ഭാഭ അറ്റോമിക് റിസർച് സെൻററിൽ (ബാർക്)നിന്ന് സീനിയർ സയൻറിഫിക് ഓഫിസറായി വിരമിച്ച അദ്ദേഹം നിയോഗം പോലെയാണ് സിജിയുടെ (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സാരഥ്യത്തിലെത്തിയത്. ഫാറൂഖ് കോളജിൽ കെമിസ്ട്രി ജൂനിയർ െലക്ചററായി ചേർന്നതിനൊപ്പമാണ് ഡോ. അബൂബക്കർ യൗവനത്തിെൻറ പ്രസരിപ്പിൽ സാമൂഹികപ്രവർത്തന രംഗത്തും ചുവടുവെച്ചത്. മറ്റു രണ്ടുപേർക്കൊപ്പം ചേർന്ന് പാവപ്പെട്ട വിദ്യാർഥികൾക്കായി ‘പുവർ ഹോസ്റ്റൽ’ തുടങ്ങി.
അധ്യാപനത്തിനിടെ അലീഗഢ് സർവകലാശാലയിൽ എം.എസ്സി ഫിസിക്കൽ ആൻഡ് ഇനോർഗാനിക് കെമിസ്ട്രിയിലെ ആദ്യബാച്ച് വിദ്യാർഥിയായി പ്രവേശനം നേടി. ഒന്നാം റാങ്കോടെ പഠനം പൂർത്തിയാക്കി ഫാറൂഖ് കോളജിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ അലീഗഢിൽത്തന്നെ പി.എച്ച്ഡി ചെയ്യാൻ ക്ഷണം വന്നു. മൂന്നു വർഷത്തെ കേന്ദ്ര സ്കോളർഷിപ്പോടെയാണ് പഠനമെങ്കിലും മികവിലൂടെ രണ്ടുവർഷത്തിനുള്ളിൽ ഡോക്ടറേറ്റ് നേടി. കേരളത്തിലെ മുസ്ലിംകൾക്കിടയിൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെയാൾ എന്ന ചരിത്രത്തിലേക്കാണ് ഡോ. അബൂബക്കർ അന്ന് നടന്നുകയറിയത്.
പിന്നീട് അലീഗഢിൽ െലക്ചററായിരിക്കെ ഭാർകിൽ ജൂനിയർ റിസർച് ഓഫിസറായി. നീണ്ട 33 വർഷത്തിനുശേഷം സീനിയർ സയൻറിഫിക് ഓഫിസറായി വിരമിച്ചയുടൻ അദ്ദേഹം പഴയ തട്ടകമായ കോഴിക്കോട്ടേക്ക് തന്നെയാണ് എത്തിയത്. കോളജ് ട്രസ്റ്റിനുകീഴിൽ അൽ ഫാറൂഖ് എജുക്കേഷനൽ സെൻറർ സ്ഥാപിക്കുന്ന ചുമതല ഡോ. അബൂബക്കർ ഒരു വർഷത്തിനകം പൂർത്തിയാക്കി. 1991ലായിരുന്നു ഇത്. ’92ൽ വൈപ്പിനിലെ സുഹൃത്തും കാലിക്കറ്റ് സർവകലാശാല പ്രോ വി.സിയുമായ ഡോ. പൽപു വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് നൽകേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തതിെൻറ വെളിച്ചത്തിലാണ് ഫാറൂഖ് കോളജിനുകീഴിൽ കരിയർ ഗൈഡൻസ് സെൻറർ തുടങ്ങണമെന്ന ആലോചനയുണ്ടായത്.
പിന്നീട് സിജിയുടെ പ്രസിഡൻറ് എന്ന നിലകളിൽ വലിയ ഉത്തരവാദിത്തമാണ് ഡോ. അബൂബക്കറിന് നിർവഹിക്കാനുണ്ടായിരുന്നത്. സ്റ്റേറ്റ് ലെവൽ റിസോഴ്സ് പേഴ്സൺ െട്രയിനിങ്, അലീഗഢ്, ജാമിഅ ഹംദർദ് തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകൃത പ്രവേശന പരീക്ഷ കേന്ദ്രം, സംസ്ഥാനത്തുടനീളം കരിയർ ഗൈഡൻസ് ക്ലാസുകൾ, സോണൽതല പദ്ധതികൾ, ശിൽപശാലകൾ തുടങ്ങിയവയായിരുന്നു വളർച്ചയിലെ ഘട്ടങ്ങൾ. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ഡോ. അബൂബക്കറായിരുന്നു.
എറണാകുളം വൈപ്പിനടുത്ത് ഞാറക്കലിൽ ലവ് ഡേൽ എന്ന വീട്ടിൽ ജീവിതസായാഹ്നത്തിൽ വിശ്രമിക്കുന്നതിനിടയിലും സിജി പ്രവർത്തനങ്ങളും മറ്റുമായി ബന്ധപ്പെട്ട് വീട്ടിലെത്തുന്നവരോടൊപ്പം അദ്ദേഹം ഊർജസ്വലനായി ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
