ഡോ. കെ.ജെ. റീനയെ മാറ്റിയ നടപടി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഹൈകോടതി വിധി ഇന്ന്
text_fieldsതിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിൽ ഹൈകോടതി ഇന്ന് വിധി പറയും. വൈകിട്ട് നാലിനാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, എസ്. മുരളി കൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. ഡോ. കെ.ജെ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചെന്നാണ് സർക്കാരിന്റെ വാദം.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചത്. തതുല്യമായ പദവിയിലാണ് പുതിയ നിയമനമെന്നും സർക്കാർ വാദിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കേണ്ടത് ട്രൈബ്യൂണൽ ആണെന്നും ഇടക്കാല ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ ദിവസങ്ങളിൽ റീന ഡി.എച്ച്.എസ് ഓഫിസിലെത്തിയതും കസേര വിട്ടുകിട്ടാതെ മാറിയിരുന്ന നാടകീയ സംഭവങ്ങളും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. തനിക്ക് ജോലി ചെയ്യാൻ പ്രത്യേക സീറ്റ് വേണമെന്ന് നിർബന്ധമില്ലെന്നായിരുന്നു ഡോ. റീനയുടെ നിലപാട്. അതേസമയം, ഭരണകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന താത്കാലിക ഡയറക്ടർ ഡോ. വി. മീനാക്ഷി ലോങ്ങ് ലീവിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തുവന്നിരുന്നു. ഭരണപരമായ കാര്യങ്ങളിൽ ചിലപ്പോൾ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നും ട്രൈബ്യൂണലിന് മേലെയും സ്ഥാപനങ്ങളൊക്കെ ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം ബെഞ്ചാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
'സെഷൻസ് കോടതി ഒരാളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ പിറ്റേന്ന് തൂക്കിക്കൊല്ലുമോ?. അതിന്റെ മേലെ ഹൈകോടതി ഉണ്ട്, സുപ്രീംകോടതി ഉണ്ട്. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ. മുരളീധരൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ആ സ്ഥാനത്ത് ഉണ്ടാവില്ല. ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ പിണറായി രാജി വച്ചോ? ഇല്ലല്ലോ. സർക്കാരിന് ഒരു തിരിച്ചടിയുമില്ല. അതിന് മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ക്വിക് ആയിട്ടുള്ള തീരുമാനം എടുക്കണം. ഞാൻ ആ ശൈലിക്കാരനാണ്. അങ്ങനെയുള്ള തീരുമാനം ഇനിയും ഉണ്ടാകും. ഈ കസേരയിൽ ഉള്ളിടത്തോളം കാലം ക്വിക് ആയിട്ടുള്ള തീരുമാനം എടുക്കേണ്ട സമയത്ത് എടുത്തിരിക്കും. തുരപ്പൻ പണി നടത്തുന്ന ആരെയും കസേരയിൽ ഇരുത്തില്ല. ബാക്കിയുള്ളതൊക്കെ മേൽകോടതിയിൽ പറഞ്ഞോളാം' എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

