ഡോ. കെ. മാധവൻ കുട്ടി അന്തരിച്ചു
text_fieldsകോഴിക്കോട്: ആദ്യകാല വൈദ്യശാസ്ത്ര അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. കെ. മാധവൻ കുട്ടി (93) നിര്യാതനായി. കോഴിക്കോട് ചിന്താവളപ്പിലെ പൂന്താനം വസതിയിൽ വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ചെങ്കളത്ത് കമല. മക്കൾ: സി. ജയറാം (കോടക് മഹീന്ദ്ര മുൻ ജോയൻറ് മാനേജിങ് ഡയറക്ടർ), ഡോ. സി. ജയശ്രീ (അത്ലാൻറ, യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ. 1984ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഡോ. മാധവൻ കുട്ടി 1991ൽ ബേപ്പൂരിൽനിന്ന് ‘കോ-ലീ-ബി’ സഖ്യത്തിെൻറ സ്ഥാനാർഥിയായും വാർത്തകളിൽ ഇടംനേടിയിരുന്നു.
പാലക്കാട് ചുനങ്ങാട് ജനിച്ച ഡോ. മാധവൻ കുട്ടി കോഴിക്കോട്ടാണ് സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1949ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. 1953 മുതല്‍ 1957 വരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലും തുടർന്ന് 1961 വരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും അധ്യാപകനായിരുന്നു. ആദ്യം പ്രഫസറായും പിന്നീട് വകുപ്പ് തലവനായും അദ്ദേഹം നിയമിതനായി. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിൽ പ്രിന്‍സിപ്പലായിരുന്നു. 1981ൽ സർവിസിൽനിന്ന് വിരമിച്ചു.
1979ല്‍ മികച്ച മെഡിക്കല്‍ അധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്‌കാരമടക്കം നിരവധി ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്. കേരള സര്‍വകലാശാലയിൽ സെനറ്റ്, സിൻഡിക്കേറ്റ് അംഗമായിരുന്നു. കേരള മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡൻറ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് സാമൂതിരി കോളജിൽനിന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ ഡോ. മാധവൻ കുട്ടി ‘മായില്ലീ കനകാക്ഷരങ്ങൾ’ എന്ന ആത്മകഥയടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 78 പുസ്തകങ്ങളും 5500ഓളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.