ഇടയശ്രേഷ്ഠൻ ഇനി ഓർമയിലെ താരകം
text_fieldsഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം അന്തിമ ശുശ്രൂഷക്ക് മദ്ബഹയിലേക്ക് കൊണ്ടുപോകുന്നു
തിരുവല്ല: ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത നിത്യതയിൽ അലിഞ്ഞുചേർന്നു. ഞായറാഴ്ച പുലർച്ച 2.38 ന് കാലം ചെയ്ത മലങ്കര മാർത്തോമ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ കബറടക്കം പൂർണ സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ നടന്നു. സഭാ ആസ്ഥാനത്ത് സെൻറ് തോമസ് പള്ളിക്ക് സമീപത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് ഭൗതികശരീരം കബറടക്കിയത്.
സംസ്കാര ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായി നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെ മൂന്നാംഭാഗ ശുശ്രൂഷ നടത്തി. അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിലെ പ്രത്യേക മദ്ബഹയിൽ വൈകീട്ട് മൂന്നോടെ അവസാനവട്ട ശുശ്രൂഷകൾ ആരംഭിച്ചു. സഭാധ്യക്ഷെൻറ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ശുശ്രൂഷ നടന്നത്.
വിവിധ സഭാ മേലധ്യക്ഷന്മാരായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലസ്, മാത്യൂസ് മാർ സിൽവാനിയോസ്, ജോഷ്വ മാർ ഇഗ്നാത്തിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, മാർത്തോമ സഭയിലെ എപ്പിസ്കോപ്പമാർ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരികാണിക്കൽ ചടങ്ങ് പ്രതീകാത്മകമായി മാത്രമാണ് നടത്തിയത്. മെത്രാപ്പോലീത്തയുടെ കൈമുത്തി വിടനൽകാൻ കുടുംബാംഗങ്ങൾക്ക് മാത്രമാണ് അവസരം നൽകിയത്. ജോസഫ് മാർത്തോമയുടെ മൂന്ന് സഹോദരങ്ങളും വിലാപയാത്രയിൽ പങ്കുചേർന്നു. 1500 കിലോ കുന്തിരിക്കം ഉപയോഗിച്ച് നിറച്ച് പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് കബറടക്കിയത്. സംസ്ഥാന സർക്കാറിെൻറ പ്രതിനിധിയായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചടങ്ങിൽ പങ്കെടുത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വൈകീട്ട് നാലോടെ ഓൺലൈനായി അന്തിമോപചാരം അർപ്പിച്ചു. പാൻക്രിയാസിലെ അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത വിടപറഞ്ഞത്.