മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ജനലൊന്ന് തുറന്നാൽ ആ മനുഷ്യരെ കാണുമല്ലോ? അവരോട് സി.ഐ.ടി.യുവിന്റെ നിലപാടെന്താ? -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പണിമുടക്കിന് നേതൃത്വം നൽകുന്ന സി.ഐ.ടി.യു, കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തോട് സ്വീകരിക്കുന്ന നിലപാടെന്താണെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘കേരളത്തിന്റെ സെക്രട്ടേറിയറ്റിന് പുറത്ത് 150 ദിവസമായി പെരുമഴയും പൊരിവെയിലും കൊണ്ട് ആശാ വർക്കർമാർ സമരം ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റിനകത്തെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആ ജനലൊന്ന് തുറന്നാൽ ആ മനുഷ്യരെ കാണുമല്ലോ. ആ സമരക്കാരോട് സി.ഐ.ടി.യുവിന്റെ നിലപാട് എന്താണ്?’ -അദ്ദേഹം ചോദിച്ചു.
‘ആശ വർക്കർമാരുടെ സമരത്തെ തകർക്കാൻ വേണ്ടി പ്രതിസമരം ചെയ്യുകയാണല്ലോ സി.ഐ.ടി.യു ചെയ്തത്. സംഘടിത, അസംഘടിത മേഖലയിൽ രാജ്യത്ത് തൊഴിൽ ചെയ്യുന്ന മുഴുവൻ മനുഷ്യരും തൊഴിലാളികളാണെന്ന ബോധം ഇത്തരം തൊഴിലാളി സംഘടനകൾക്ക് ആദ്യം വേണം. സംഘടിത ശേഷിയില്ലാത്ത തൊഴിലാളികളെ ആക്രമിക്കാമെന്നും അവർ തങ്ങൾക്കൊപ്പം നിർബന്ധമായും നിലകൊള്ളണമെന്നുമുള്ള നിലപാട് കേന്ദ്രസർക്കാറിന്റെ ഫാഷിസ്റ്റ് നടപടിയുടെ മറ്റൊരു പതിപ്പാണ്’ -ഡോ. ജിന്റോ ജോൺ ആരോപിച്ചു.
സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ ദേശീയ തലത്തിൽ കേന്ദ്ര സർക്കാറിനെതിരെ ഒറ്റച്ചേരിയിലാണ് സി.ഐ.ടി.യും ഐ.എൻ.ടി.യു.സിയും അണിനിരന്നതെങ്കിൽ, കേരളത്തിൽ രണ്ട് ചേരികളിലായാണ് പണിമുടക്കിയത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകളെല്ലാം അടഞ്ഞുകിടന്നു. തുറന്ന കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കാൻ നീക്കമുണ്ടായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങൾ തടഞ്ഞു. സർക്കാർ ഓഫിസുകളിൽനിന്ന് ജീവനക്കാരെ ബലംപ്രയോഗിച്ച് പുറത്തിറക്കാനും ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായി.
പണിമുടക്ക് തലേന്ന് ഗതാഗത മന്ത്രി ഉടക്കിട്ടെങ്കിലും ജീവനക്കാർ സമരത്തിൽ അടിയുറച്ച് നിന്നതോടെ കെ.എസ്.ആർ.ടി.സിയുടെ ഭൂരിഭാഗം ഡിപ്പോകളിൽനിന്നും ബസുകളൊന്നും ഓടിയില്ല. ചൊവ്വാഴ്ചയിലെ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി രണ്ടാം ദിവസമാണ് സ്വകാര്യ ബസുകൾ നിരത്തിൽനിന്ന് വിട്ടുനിന്നത്. ഓട്ടോകളും നിരത്തിലിറങ്ങിയില്ല. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഡയസ്നോൺ ഭീഷണിയുണ്ടായിട്ടും സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും ഒ.പിയിലടക്കം തിരക്കില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

