വഖഫ് മുതൽ അർണബ് വരെ... ഓരോന്നും വീണ്ടും വീണ്ടും ചോദിക്കേണ്ടത് രാജ്യസ്നേഹികളുടെ രാഷ്ട്രീയ ഉത്തരവാദിത്വം -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: ഓരോ കുത്സിത ശ്രമങ്ങളിലും പരാജയബോധം മണക്കുമ്പോൾ മറ്റൊന്നിലേക്ക് ചേക്കേറുന്ന ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് യഥാർഥ രാജ്യസ്നേഹികളുടെ രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. വഖഫ് നിയമം മുതൽ അർണാബ് ഗോസാമിയുടെ നുണപ്രചാരണം വരെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. നിരന്തരം കള്ളപ്രചരണങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുകയും രാജ്യത്തെ സാധാരണക്കാരുടേയും പട്ടാളക്കാരുടേയും ജീവനും രാജ്യാതിർത്തിയേയും പോലും തീവ്രവാദികൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നവർ നിരന്തരം പുതിയ പുതിയ വിഷയങ്ങൾ കൊണ്ടുവന്നു പൊതുജനത്തിന്റെ ശ്രദ്ധ മാറ്റാൻ പണിയെടുക്കുന്നു. ഓരോ കുത്സിത ശ്രമങ്ങളിലും പരാജയബോധം മണക്കുമ്പോൾ മറ്റൊന്നിലേക്ക് ചേക്കേറുന്നു. ഇതൊക്കെ തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും ആദ്യം മുതലേ അവശേഷിക്കുന്ന ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങളും വീണ്ടും വീണ്ടും ചോദിക്കേണ്ടതും ഓരോ യഥാർത്ഥ രാജ്യസ്നേഹിയുടേയും രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ് ആനുകാലിക ഇന്ത്യയിൽ. ജനകീയ വിഷയങ്ങൾ മറക്കാതെ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കണം -ജിന്റോ അഭിപ്രായപ്പെട്ടു.
‘ഒരുപാട് ജനകീയ പ്രശ്നങ്ങൾ രാജ്യത്ത് പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോൾ പാർലമെന്റിൽ വഖഫ് നിയമം പാസാക്കി ലാഭം കൊയ്യാമെന്ന് കരുതിയ ബിജെപിക്ക് കാലിടറി. ഇന്ത്യയിലെമ്പാടും ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും രാഷ്ട്രീയപ്രചരണവും നടന്നു. സുപ്രീംകോടതിയിൽ പോലും കേന്ദ്രസർക്കാറിന്റെ സോളിസിറ്റർ ജനറൽ വിയർത്തൊലിക്കുന്നത് കാണേണ്ടിവന്നു. ഉത്തരമില്ലാത്ത തോന്നിവാസങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെ ഉറപ്പുണ്ടാകില്ലല്ലോ. പരാജയം മണത്ത ബിജെപിക്ക് ജീവശ്വാസം കിട്ടിയത് പഹൽഗാമിൽ തീവ്രവാദികളുടെ അക്രമം ഉണ്ടായ സാഹചര്യത്തിലാണ്. അതിർത്തി കടന്നെത്തിയ തീവ്രവാദികൾ 26 മനുഷ്യരെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നപ്പോൾ രാജ്യം ഭരിക്കുന്ന സർക്കാരിന്റെ സകല ജനവിരുദ്ധ നടപടികളും ജനങ്ങൾ മറന്നു.
രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ആ മരണങ്ങളിലേക്ക് മാത്രം ചരുങ്ങിയപ്പോൾ അവിടെയുണ്ടായ സെക്യൂരിറ്റി വീഴ്ചയും സൈന്യത്തിന്റെ അംഗബലം കുറച്ചതും തീവ്രവാദികൾ എങ്ങനെ അതിർത്തി കടന്നെത്തിയെന്നതും അക്രമത്തിനുശേഷം എങ്ങനെ രക്ഷപ്പെട്ടു പോയെന്നതും രക്ഷാപ്രവർത്തനം ഒന്നരമണിക്കൂർ വൈകിയത് എന്തുകൊണ്ട് എന്നതുമെല്ലാം ചോദിക്കാതെ മാറ്റിവയ്ക്കപ്പെട്ടു.
സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദി ആരെന്നുള്ള ചോദ്യങ്ങളിൽ നിന്ന് ബിജെപിക്ക് പിടിച്ചനില കിട്ടിയത് പ്രതിപക്ഷവും മുഴുവൻ ജനങ്ങളും രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ച പാക്കിസ്ഥാനെതിരെ ശക്തമായ നടപടി വേണമെന്ന് പറഞ്ഞു സൈന്യത്തെ പിന്തുണച്ചപ്പോഴാണ്.
കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികളും മതേതര മനുഷ്യരും ഒന്നിച്ച് നിന്നപ്പോൾ ആ തീവ്രവാദികളും രാജ്യത്തെ സംഘപരിവാറും ആഗ്രഹിച്ച രീതിയിൽ മതപരമായ ഭിന്നിപ്പ് രാജ്യത്ത് സംഭവിച്ചില്ല. അവിടെയും നിലതെറ്റിയ സർക്കാർ സോഫിയ ഖുറേഷിയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ എല്ലാം ജനങ്ങൾ മറന്നുപോകുമെന്ന് തെറ്റിദ്ധരിച്ചു. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തെ പിന്തുണയ്ക്കുമ്പോൾ രാഷ്ട്രീയ ചോദ്യങ്ങൾ ഒന്നും ഉയർന്നു കേട്ടിരുന്നില്ല.
പക്ഷേ സൈനിക നടപടി പെട്ടെന്നൊരു ദിവസം അമേരിക്കയുടെ ഇടപെടലുകളോടെ എന്ന രീതിയിൽ നിർത്തിവയ്ക്കപ്പെട്ടപ്പോൾ ചോദ്യങ്ങൾ വീണ്ടുമുയർന്നു. ഇന്ത്യയുടെ സ്വയംഭരണ അവകാശത്തിൽ അമേരിക്കൻ പ്രസിഡന്റ് കൈകടത്തിയോ എന്നുള്ള ചോദ്യം പ്രതിരോധത്തിലാക്കിയ ബിജെപി സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ വംശീയ അധിക്ഷേപത്തെ തുടർന്ന് വീണ്ടും പ്രതിരോധത്തിലായി.
വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാനുള്ള സംഘത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളോട് പ്രതിനിധികളെ ആവശ്യപ്പെടുകയും പ്രതിനിധികളുടെ ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും ഉൾപ്പെടുത്താതെ തന്നിഷ്ടം കാണിച്ച് സ്കോർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ആർഎസ്‌എസ് നാവായ അർണാബ് ഗോസാമിയും ബിജെപി ഐടിസെൽ മേധാവിയും രാഹുൽഗാന്ധിക്കെതിരെ ആക്ഷേപം ചെരിഞ്ഞത്.
തുർക്കിയിലെ കൺവെൻഷൻ സെന്റർ കോൺഗ്രസ്സ് പാർട്ടിയുടെ ഓഫീസ് ആണെന്നുള്ള വ്യാജം പറഞ്ഞത്. ഈ കള്ളപ്രചരണത്തിനെതിരെ കർണാടകയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ സകല സംഘപരിവാറുകാരുടേയും ആർഎസ്എസുകാരുടേയും കാണപ്പെട്ട ദൈവമായ സവർക്കറെ പോലെ മാപ്പുപറഞ്ഞ് തടിയൂരാൻ ശ്രമിച്ചു.
നിരന്തരം കള്ളപ്രചരണങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുകയും രാജ്യത്തെ സാധാരണക്കാരുടേയും പട്ടാളക്കാരുടേയും ജീവനും രാജ്യാതിർത്തിയേയും പോലും തീവ്രവാദികൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നവർ നിരന്തരം പുതിയ പുതിയ വിഷയങ്ങൾ കൊണ്ടുവന്നു പൊതുജനത്തിന്റെ ശ്രദ്ധ മാറ്റാൻ പണിയെടുക്കുന്നു. ഓരോ കുത്സിത ശ്രമങ്ങളിലും പരാജയബോധം മണക്കുമ്പോൾ മറ്റൊന്നിലേക്ക് ചേക്കേറുന്നു. ഇതൊക്കെ തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും ആദ്യം മുതലേ അവശേഷിക്കുന്ന ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങളും വീണ്ടും വീണ്ടും ചോദിക്കേണ്ടതും ഓരോ യഥാർത്ഥ രാജ്യസ്നേഹിയുടേയും രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ് ആനുകാലിക ഇന്ത്യയിൽ. ജനകീയ വിഷയങ്ങൾ മറക്കാതെ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കണം’ -ജിന്റോ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

