അമീബിക് മസ്തിഷ്കജ്വരം: അടിയന്തര പ്രമേയ ചർച്ചയിൽ ഡോ. ഹാരിസ് ഇഫക്ട്
text_fieldsതിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ ഡോ. ഹാരിസ് ഇഫക്ട്. ആരോഗ്യ മേഖലയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസിന്‍റെ തുറന്നുപറച്ചിലുകളും പ്രതിപക്ഷം പരാമർശിച്ചു. ഇടതുപക്ഷ അനുഭാവി കൂടിയായ ഹാരിസിനെ മുൻനിർത്തിയുള്ള പ്രതിപക്ഷ നീക്കം ഭരണപക്ഷത്തിന്റെ ഉത്തരംമുട്ടിച്ചു.
കെ.കെ. ശൈലജ മന്ത്രിയായിരുന്ന ഘട്ടത്തിൽ ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍റെ ‘കേരളം ഒന്നാമതാണെന്ന തള്ള് അപകടകരമാണെന്ന’ ഫേസ്ബുക് പോസ്റ്റും പ്രതിപക്ഷം ആയുധമാക്കി. കേരളത്തിന്റെ ആരോഗ്യ രംഗത്തെക്കുറിച്ച രേഖാചിത്രമാണ് ഹാരിസ് വെളിപ്പെടുത്തിയതെന്ന് പ്രമേയം അവതരിപ്പിച്ച എൻ. ഷംസുദ്ദീൻ പറഞ്ഞു. പിരിവെടുത്തും ഇരന്നും ഉപകരണങ്ങൾ വാങ്ങി മടുത്തുവെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ഡോക്ടറെ നേരിടാനാണ് സർക്കാർ നോക്കിയതെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിൽ പോലും ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടെങ്കിൽ സിസ്റ്റം തകരാറിലാണെന്നും ഇത് തുറന്നുപറയുന്ന ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് ശ്രമമെന്നും നജീബ് കാന്തപുരം പറഞ്ഞു.
ദുസ്ഥിതി വെളിപ്പെടുത്തിയ ഡോ. ഹാരിസിനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തില്ലേ എന്നായിരുന്നു പി.സി. വിഷ്ണുനാഥിന്‍റെ ചോദ്യം.ഡി.കെ. മുരളിയാണ് വിഷയത്തിൽ മറുപക്ഷത്തുനിന്ന് പ്രതികരണത്തിന് മുതിർന്നത്. ഹാരിസിനെ മഹാനായി ചിലർ ചിത്രീകരിക്കുന്നുണ്ടെന്നും ഹാരിസ് ഉന്നയിച്ച വിഷയങ്ങളിൽ വസ്തുതകൾ പരിശോധിക്കാൻ ആർജവം കാണിച്ച സർക്കാറാണിതെന്നുമായിരുന്നു മുരളിയുടെ പ്രതികരണം.
സഭ കവാടത്തിലെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്
തിരുവനന്തപുരം: നിയമസഭ കവാടത്തിലെ എം.എൽ.എമാരുടെ രാപകല്‍ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്തിനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാര്‍ ജോസഫും എ.കെ.എം. അഷ്‌റഫുമാണ് സത്യഗ്രഹമിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എം. സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവർ സമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യമർപ്പിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഇരുവരെയും സന്ദർശിച്ചു. നിയമസഭയിൽ ചർച്ചക്കിടെ പി.സി. വിഷ്ണുനാഥ് വിഷയം ഉന്നയിക്കുകയും ചെയ്തു. സമരം സജീവമായി മുന്നോട്ടുകൊണ്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം. അടിയന്തര പ്രമേയ ചർച്ചയിൽ സത്യഗ്രഹം സംബന്ധിച്ച് ഭരണപക്ഷത്ത് നിന്നുയർന്ന പരാമർശങ്ങൾ വാക്പോരിനും ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

