'നിങ്ങൾ വിശ്വസിക്കില്ല, പറയാൻ എനിക്ക് നാണക്കേടുണ്ട്, കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം'; മാധ്യമങ്ങൾക്ക് മുൻപിൽ വികാരാധീനനായി ഡോ. ഹാരിസ് ചിറക്കൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ചികിത്സ ഉപകരണങ്ങൾ ലഭ്യമല്ലെന്ന വിവരം പുറത്തറിയിച്ചതിന് നടപടി നേരിടുന്ന ഡോ. ഹാരിസ് ചിറക്കൽ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി.
ആരോഗ്യവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്നും ഈ അവസ്ഥ പറയാൻ തന്നെ നാണക്കേടാണ്, നിങ്ങൾ ഇത് വിശ്വസിക്കില്ലെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസിൽ അദ്ദേഹം മറുപടി നൽകാനിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കത്തുമുഖേന അറിയിക്കാനുള്ള വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ, നിങ്ങൾ വിശ്വസിക്കില്ല, പറയാൻ എനിക്ക് നാണക്കേടുണ്ട്... കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല. ഞാൻ അഞ്ഞൂറ് പേപ്പർ വീതം വാങ്ങി റൂമിൽ വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറിൽ എപ്പോഴും അടിച്ചു കൊടുക്കാൻ പറ്റുന്നത്. സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസിലാക്കി മീറ്റിങ്ങിൽ എഴുതിക്കൊടുക്കുമ്പോൾ അത് മനസ്സിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്'-ഹാരിസ് ചിറക്കൽ തുറന്നടിച്ചു. കണ്ണ് നിറഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നില്‍ നിന്ന് ഹാരിസ് ഇറങ്ങിപ്പോയത്.
ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസ് ചിറക്കൽ ഉടൻ മറുപടി നൽകും. തെളിവുകൾ സഹിതം ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് മറുപടി നല്കാനാണ് നീക്കം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഡോ. ഹാരിസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകിയത്.
എന്നാൽ മറ്റൊരു ഡോക്ടർ സ്വന്തം നിലയിൽ വാങ്ങി വെച്ചിരുന്ന ഉപകരണമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചതെന്നാണ് ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു, സർക്കാർ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിൽ ഉണ്ട്. ഡോ.ഹാരിസിന്റെ മറുപടിക്ക് ശേഷമായിരിക്കും നടപടിയിൽ അന്തിമ തീരുമാനമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

