‘ഡോ. ഹാരിസ് ഇംപാക്ട്’; മൂന്നാം ദിനം ഉപകരണങ്ങൾ പറന്നെത്തി
text_fieldsതിരുവനന്തപുരം: മൂന്ന് മാസമായി കത്തെഴുതി കാത്തിരുന്നിട്ടും കിട്ടാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ ഡോക്ടറുടെ തുറന്നുപറച്ചിലിന്റെ മൂന്നാം ദിവസം ആശുപത്രിയിലെത്തി. മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിലേക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങളാണ് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്തെത്തിച്ചത്. വൃക്കയിലെ കല്ലു നീക്കംചെയ്യുന്ന ഉപകരണത്തിന്റെ ഘടകമായ ലിത്തോക്ലാസ്റ്റ് പ്രോബുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിന് പിന്നാലെ യൂറോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയയും പുനരാരംഭിച്ചു.
വ്യാഴാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ച് കാർഷിക കോളജ് വിദ്യാർഥിക്കായിരുന്നു ആദ്യ ശസ്ത്രക്രിയ. നിസ്സഹായവസ്ഥയും സംവിധാനങ്ങളുടെ മെല്ലപ്പോക്കും തുറന്നുപറഞ്ഞതിലൂടെ ആരോഗ്യവകുപ്പിന്റെ കണ്ണുതുറപ്പിച്ച യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ തന്നെയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതും.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവെക്കേണ്ടി വരികയാണെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും രോഗികളോട് പണം പിരിക്കേണ്ട ഗതികേടാണെന്നുമുള്ള ഡോക്ടറുടെ വെളിപ്പെടുത്തൽ മെഡിക്കൽ കോളജിലെ മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ പരാധീനതക്കെതിരെയുള്ള ജനകീയ വിചാരണക്കാണ് വഴി തുറന്നിരുന്നു. യൂറോളജി വിഭാഗത്തിലെ കാര്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുൻകുട്ടി വിവരമറിയിച്ചിരുന്നുവെന്ന് കൂടി ഡോക്ടർ വെളുപ്പെടുത്തിയതോടെ മന്ത്രി ഓഫീസും പ്രതിരോധത്തിലായി.
ഡോക്ടറെ ഒറ്റപ്പെടുത്താനും കടന്നാക്രമിക്കാനുമായിരുന്നു ആദ്യം നീക്കമെങ്കിലും ജനപിന്തുണ വർധിച്ചതോടെ അധികൃതർ നിലപാട് മാറ്റി. ‘ഡോക്ടർ സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് പറയുന്നതിലേക്ക് മന്ത്രിയും മയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉപകരണങ്ങളെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടന്നത്. മാത്രമല്ല, ഡോക്ടറുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിയെയും നിയമിച്ചു. സമിതി റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാറിന് സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം.
ഡോക്ടർമാർ അടങ്ങിയതാണ് സമിതി എന്നതിനാൽ നടപടിക്രമങ്ങളിലെ ഭരണപരമായ നൂലാമാലകളും സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകളും റിപ്പോർട്ടിലുണ്ടാകുമെന്നും അതിന് ശേഷം ഒറ്റ പാക്കേജായി പരിഹാര നിർദേശങ്ങൾ പ്രഖ്യാപിച്ചാൽ മതിയാകുമെന്നുമാണ് സർക്കാർ തലത്തിലെ ധാരണ. ഡി.എം.ഇ, ഡി.എച്ച്.എസ് അടക്കം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എല്ലാ തിങ്കളാഴ്ചയും നടക്കാറുണ്ട്. കമ്മിറ്റിയുടെ പരിശോധിക്കുന്നതിനാൽ മെഡിക്കൽ കോളജിലെ വിഷയങ്ങളൊന്നും കഴിഞ്ഞ ദിവസത്തെ ഉന്നതതല യോഗത്തിൽ ചർച്ചയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

