‘ഡോ. ഹാരിസ് ചിറക്കൽ മറ്റൊരു കഫീൽ ഖാൻ ആകുമോ?’
text_fieldsഡോ. ഹാരിസ് ചിറക്കൽ, കഫീൽ ഖാൻ
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പിന്തുണയുമായി നെറ്റിസൺസ് രംഗത്ത്. ‘ഡോ. ഹാരിസ് ചിറക്കൽ മറ്റൊരു കഫീൽ ഖാൻ ആകുമോ?’ എന്ന ചോദ്യമാണ് നെറ്റിസൺസ് പ്രധാനമായും ഉന്നയിക്കുന്നത്. ചികിത്സ തേടിയെത്തുന്ന അതിസാധാരണക്കാരായ മനുഷ്യർക്ക് അടിയന്തര ചികിത്സ നൽകുവാൻ സാധിക്കാത്ത വിധം ശോചനീയമാണ് പൊതു ആതുരാലയങ്ങൾ എന്നത് വസ്തുതയാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
നിസ്സഹായനും രോഗികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന ആളുമായ ഒരു ആരോഗ്യ പ്രവർത്തകന്റെ ദയനീയമായ പരിദേവനമാണ് ഫേസ്ബുക്ക് പോസ്റ്റ്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഖൊരഗ്പൂർ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് ഇതു പോലെ ഒരനുഭവം ഉണ്ടായത് ഓർമയില്ലേ?. ജീവവായു കിട്ടാതെ പിടയുന്ന പിഞ്ചുപൈതങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ചെലവിൽ ഓക്സിജൻ സൗകര്യം ഒരുക്കി എന്നതായിരുന്നല്ലോ അന്ന് കഫീൽ ഖാൻ എന്ന ശിശുരോഗ വിദഗ്ദ്ധൻ ചെയ്ത തെറ്റ്. കഫീൽ ഖാനെ കേരളത്തിലേക്ക് ക്ഷണിച്ചവരാണ് ഇപ്പോൾ ഹാരിസ് ഡോക്ടർക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും നെറ്റിസൺസ് പറയുന്നു.
അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കലിന് പിന്തുണയുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) രംഗത്തെത്തി. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയെടുത്താൽ സംഘടന ശക്തമായി ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്‍റ് ഡോ. റോസനാര ബീഗം വ്യക്തമാക്കി.
ഡോ. ഹാരിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്ന ഡി.എം.ഇയുടെ വാദങ്ങളും കെ.ജി.എം.സി.ടി.എ പ്രസിഡന്‍റ് തള്ളി. പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ല. വിവാദത്തിന്‍റെ ആവശ്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഇതിന് മുമ്പും പലരും സംഘടനയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. റോസനാര ബീഗം ചൂണ്ടിക്കാട്ടി.
നെറ്റിസൺസ് പറയുന്നത്
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ മറ്റൊരു കഫീൽഖാൻ ആവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കാരണം ലോകോത്തരമെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ സർക്കാർ വിലാസം ആശുപത്രികളുടെ ശോചനീയാവസ്ഥയെ കുറിച്ചാണ് ഡോക്ടർ പുറം ലോകത്തോട് വിളിച്ചു പറഞ്ഞത്.
ചികിത്സ തേടിയെത്തുന്ന അതിസാധാരണക്കാരായ മനുഷ്യർക്ക് അടിയന്തര ചികിത്സ നൽകുവാൻ സാധിക്കാത്ത വിധം ശോചനീയമാണ് നമ്മുടെ പൊതു ആതുരാലയങ്ങൾ എന്നത് വസ്തുതയാണ്. സർക്കാരും ആരോഗ്യ വകുപ്പും മറച്ചു പിടിക്കാൻ ശ്രമിച്ച ഈ യാഥാർത്ഥ്യമാണ് ഹാരിസ് ഡോക്ടർ Fbപോസ്റ്റി ലൂടെ തുറന്നടിച്ചത്.
അദ്ദേഹം ശസ്ത്രക്രിയാ സാമഗ്രികൾ ലഭ്യമാക്കാൻ ഒരു മാസം മുമ്പെ മേലധികാരികൾക്ക് അപേക്ഷ നൽ കിയിരുന്നു. പക്ഷെ, നടപടിയുണ്ടായില്ല. യൂറോളജി വകുപ്പ് മെച്ചപ്പെടുത്താൻ ഓടിത്തളർന്നു എന്നാണ് ഡോ. ഹാരിസ് Fb യിൽ കുറിച്ചത്. നിസ്സഹായനും രോഗികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന ആളുമായ ഒരു ആരോഗ്യ പ്രവർത്തകന്റെ ദയനീയമായ പരിദേവനമാണ് ആ പോസ്റ്റ്.
അദ്ദേഹത്തിനെതിരെ പ്രതികാര നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിക്കഴിഞ്ഞു. ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിലും ഭീഷണിയുടെ ലാഞ്ചനയുണ്ട്. വേട്ടയാടലിന്റെ നാളുകളാണ് ഡോക്ടറെ കാത്തു കിടക്കുന്നത്. കുലംകുത്തിയായി ചിത്രീകരിക്കുവാനും ശ്രമങ്ങൾ ഉണ്ടാകും.
2017 ൽ യോഗാ ആദിത്യനാഥിന്റെ UP യിലെ ഖോരഗ്പൂർ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് ഇതു പോലെ ഒരനുഭവം ഉണ്ടായത് ഓർമ്മയില്ലേ? ജീവവായു കിട്ടാതെ പിടയുന്ന പിഞ്ചുപൈതങ്ങളുടെ ജീവൻ രക്ഷാക്കാൻ സ്വന്തം ചിലവിൽ ഓക്സിജൻ സൗകര്യം ഒരുക്കി എന്നതായിരുന്നല്ലോ അന്ന് കഫീൽ ഖാൻ എന്ന ശിശുരോഗ വിദഗ്ദ്ധൻ ചെയ്ത തെറ്റ്.
അന്ന് ഘോരഗ്പൂർ ആശുപത്രിയിൽ നടന്നത് പുറം ലോകത്തെ അറിയിച്ചതിന് യോഗി ആദിത്യനാഥ് കഫീൽ ഖാനെ 500 ദിവസമാണ് ജയിലിലിട്ട് പീഡിപ്പിച്ചത്. സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.ഇപ്പോഴും UP യിലേക്ക് കടക്കാൻ അദ്ദേഹത്തിന് അനുമതിയില്ല.
കഫിൽ ഖാനെ കേരളത്തിലേക്ക് ക്ഷണിച്ചവരാണ് ഇപ്പോൾ ഹാരിസ് ഡോക്ടർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. Fb പോസ്റ്റിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥയും തന്റെ നിസ്സഹായതയും പങ്കു വെച്ചതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടാൻ അനുവദിച്ചു കൂടാ. ജനപക്ഷത്ത് നിന്ന് സംസാരിക്കുന്ന ഡോക്ടർമാരെയും മറ്റ് സർക്കാർ ജീവനക്കാരെയും സംരക്ഷിക്കാൻ ജനകീയ കൂട്ടായ്മകൾ ഉയർന്നു വരേണ്ടതുണ്ട്.
ഉപകരണങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കലിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വലിയ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചത്. എഫ്.ബി. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പും മന്ത്രി വീണ ജോർജും രംഗത്തെത്തുകയും ചെയ്തു. പിന്നീട് വിഷയം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ബന്ധുവായ സി.പി.എം നേതാവ് അറിയിച്ചതിന് പിന്നാലെ വിവാദ എഫ്.ബി പോസ്റ്റ് ഡോ. ഹാരിസ് പിന്‍വലിക്കുകയും ചെയ്തു.
വിവാദമായ ഡോ. ഹാരിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
"കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സർക്കാർ ഡോക്ടറുടെ ജിവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഞാൻ ഇത് എഴുതുന്നത്. ഇന്നുവരെ ഒരു സ്കാനിങ് സെന്ററിൽ നിന്നോ സ്വകാര്യ ലാബിൽ നിന്നോ ഒരു രൂപ കമ്മീഷൻ വാങ്ങിയിട്ടില്ല. ശരിയല്ലെങ്കിൽ ആർക്കു വേണമെങ്കിലും ഇവിടെ എഴുതാം.
കണ്ണൂർ മെഡിക്കൽ കോളേജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കൽ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാൻസ്ഫർ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല. ലോഡ്ജുകളിലും വാടക വീടുകളിലും ക്വാർട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയത് വളരെ പരിമിതമായ സാഹചര്യങ്ങൾ സഹിച്ചാണ് 1997 മുതൽ ജോലി ചെയ്തത്. പ്രൈമറി സ്കൂൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി വരെ സർക്കാർ സ്ഥാപനങ്ങളിൽ പൊതു ജനങ്ങളുടെ ചിലവിൽ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സർക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം.
ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികൾ സ്വീകരിച്ച് വലിയ സമ്പന്നർ ആയപ്പോൾ ഞാൻ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു. പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല. ഇന്നും ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകൽ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയിൽ വന്നിട്ടുള്ള എല്ലാ രോഗികൾക്കും അറിയാം. പരിമിതികൾ കൊണ്ട് വീർപ്പു മുട്ടുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവർത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോൾ ചെയ്യുന്നതാണ്. മനപ്പൂർവം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്.
തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോൾ രാവിലെ നാലു മണിയുടെ ബസ്.... ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങൾ എന്നെ കാത്തുനിൽപ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകൾ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാൻ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ.
അമ്മയുടെ മരണത്തിനോട് അനുബന്ധിച്ച് വൻ സാമ്പത്തിക പരാധീനതയിൽ ആയിപോയ ഒരു സമയത്ത് കുറച്ച് കാലം വിദേശത്തു പോയി ജോലി ചെയ്യേണ്ടി വന്നു. ഈ 56 വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലത്.
ഡിപ്പാർട്മെന്റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല. പിരിച്ച് വിട്ടോട്ടെ. സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്.
തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു.
മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.
ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോൺ എടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേർ.
സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്. അവർക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്.
മാസങ്ങളോളം രോഗികൾ ഓപ്പറേഷന് കാത്തിരിക്കുമ്പോൾ ദയവായി നിങ്ങൾ ഡോക്ടർമാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികൾ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഒരു വകുപ്പ് മേധാവി എന്ന നിലയിൽ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസിൽ വരുന്നു."
പോസ്റ്റ് പിൻവലിച്ച് കൊണ്ടുള്ള ഡോ. ഹാരിസിന്‍റെ കുറിപ്പ്
പോസ്റ്റ് പിൻവലിക്കുന്നു. ഞാൻ തെറ്റുകാരനല്ല. പരിമിതികൾ ആണ് എനിക്ക് ചുറ്റും. അതിനുള്ളിൽ നിന്ന് എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നോടൊപ്പം ആത്മാർത്ഥമായി ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തി പരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാർ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്ക് പോയി. ഒന്നും നടന്നില്ല.
എന്റെ കുടുംബങ്ങളിലെ ഒരു പരിപാടികൾക്കും ഞാൻ ഇപ്പോൾ പോകാറില്ല. ടൂറിനോ ദൂര യാത്രകൾക്കോ കോൺഫറൻസുകൾക്കോ ഒന്നും പോകാറില്ല. ആശുപത്രിയിൽ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേൽ അത്രയ്ക്ക് ശ്രദ്ധ വേണം. എന്റെ അസാന്നിധ്യം കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു മനുഷ്യനും ബുദ്ധിമുട്ടരുത് എന്ന കർത്തവ്യ ബോധം മനസിലുണ്ട്.എപ്പോഴാണ് ആശുപത്രിയിൽ നിന്ന് വിളിക്കുക എന്ന് അറിയാൻ കഴിയില്ല. ഒരു സമയത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാൻ ഇല്ലാതെ കോറിഡോറിൽ ആംബുലൻസ് ഡ്രൈവർ കാത്തിരുന്ന സംഭവമൊക്കെ നിങ്ങൾ പലരും ഓർക്കുന്നുണ്ടാകും.
ആ കറ മായ്ക്കാനും തെറ്റുകൾ തിരുത്താനും ഈ പദവി ഏറ്റെടുത്ത ദിവസം മുതൽ അഹോരാത്രം ഞാനും എന്റെ സഹപ്രവർത്തകരും ശ്രദ്ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജ്. എനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

