‘എനിക്ക് ജീവിക്കാൻ ബൈക്കിൽ എണ്ണയടിക്കാനുള്ള പണം മതി, കാര്യമായ ജീവിതച്ചെലവില്ല, ജോലി പോയാലും പ്രശ്നമില്ല’ -ഡോ. ഹാരിസ് ചിറക്കൽ
text_fieldsതിരുവനന്തപുരം: ഉപകരണക്ഷാമം അടക്കമുള്ള കാര്യങ്ങളിൽ താൻ പറഞ്ഞതിലും എഴുതിയതിലും ഒരുതെറ്റുമില്ലെന്നും എല്ലാ തെളിവുകളും അന്വേഷണ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വകുപ്പ് തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ. ഇതിന്റെ പേരിൽ ജോലി പോയാലും പ്രശ്നമില്ലെന്നും തനിക്ക് കാര്യമായ ജീവിതച്ചെലവില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യക്കും മക്കൾക്കും ജോലി ഉള്ളതിനാൽ ബൈക്കിൽ പെട്രോളടിക്കാനുള്ള പണം മാത്രം മതി തനിക്ക് ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു.
‘ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമം ലളിതമാക്കണം. അതിനായി നാല് പേജിൽ നിർദേശങ്ങൾ എഴുതി തയാറാക്കി അന്വേഷണ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. നാളെ ഞാൻ സർവിസിൽ ഇല്ലെങ്കിലും ഇക്കാര്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ വെളിപ്പെടുത്തലുകൾ രോഗികൾക്ക് സഹായകരമായി. ഓപറേഷൻ മാറ്റിവെച്ച രോഗികൾ ഓപറേഷൻ കഴിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഡിസ്ചാർജായി പോയി. അവരുടെ പുഞ്ചിരിയാണ് നമുക്കുള്ള ഏറ്റവും വലിയ സമ്മാനം. അതിലാണ് നമുക്കുള്ള സമാധാനം’ -അദ്ദേഹം പറഞ്ഞു.
താൻ സ്വീകരിച്ച മാർഗം തെറ്റാണെന്ന് അറിയാമെന്നും എന്നാൽ അതല്ലാത്ത മാർഗമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സർക്കാറിനെതിരെയല്ല, ബ്യൂറോക്രസിയുടെ നിരുത്തരവാദ സമീപനത്തിനെതിരെയാണ് പ്രതികരിച്ചത്. അതിനായി സ്വീകരിച്ച മാർഗം ശരിയായില്ലെന്ന് അറിയാം. പക്ഷേ, മറ്റൊരു വഴിയുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസം കടുത്ത സമ്മറദത്തിലായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും എന്റെ ഒപ്പം നിന്നിട്ടുണ്ട്. കോട്ടയത്ത് നിന്ന് ഞാൻ അപേക്ഷിക്കാതെ ഇങ്ങോട്ട് ട്രാൻസ്ഫർ തന്നത് അവരാണ്. അവർക്കെതിരെ എന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇതിനെ കാണരുത്. ആത്മാർത്ഥമായി പറയുന്നതാണ്’ -ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
‘വെളിപ്പെടുത്തൽ നടത്തിയതിന് ശിക്ഷാ നടപടിയെ ഭയക്കുന്നില്ല. ഡോക്ടർ എന്ന നിലക്ക് ഭയക്കേണ്ട കാര്യമില്ല. ഇതല്ലെങ്കിൽ വേറൊരു ജോലി നമുക്ക് കിട്ടും. അത് കൊണ്ട് ഭയമില്ല. ഞാൻ സർക്കാർ ജോലി തെരഞ്ഞെടുത്തത് സ്വകാര്യ മേഖലയിലോ വിദേശത്തോ ജോലി കിട്ടാത്തത് കൊണ്ടല്ല. സാധാരണ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റുവവാങ്ങാൻ തയാറാണ്. സസ്പെൻഷൻ ഉണ്ടാകുമെന്ന സൂചനയുള്ളതിനാൽ ഡിപ്പാർട്മെന്റ് തലവൻ എന്ന നിലയിൽ എന്റെ ചുമതലകൾ ജൂനിയർ സഹപ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവ് കൈപ്പറ്റിയാൽ ഇനി താക്കോൽ കൈമാറേണ്ട കാര്യം മാത്രമേ ഉള്ളൂ. ഇന്ന് ഒ.പി നടത്തും. കഴിഞ്ഞ ആഴ്ച ഞാൻ കിഡ്നി മാറ്റിവെച്ച രോഗി ഡിസ്ചാർജ് ആയിട്ടുണ്ട്. അവൻ സുഖമായിരിക്കുന്നുവെന്ന് ഫോൺ വിളിച്ച് വിവരങ്ങൾ അറിഞ്ഞു. സസ്പെൻഷനോ മറ്റ് ശിക്ഷാ നടപടികളോ വന്നാൽ ഡിപ്പാർട്ട്മെന്റ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ’ -അദ്ദേഹം പറഞ്ഞു.
മുമ്പും നിരവധി തവണ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന് ചെറിയ ചെറിയ ശിക്ഷാ നടപടികൾ നേരിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ചട്ടലംഘനത്തിന് സാധാരണ സസ്പെൻഷനാണ് ലഭിക്കുക. ഇപ്പോൾ എന്താണ് ലഭിക്കുക എന്നറിയില്ല. സ്ഥലംമാറ്റമോ സസ്പെൻഷനോ എന്ത് ലഭിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതിയില്, ഡോക്ടർമാരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ച രാത്രിയോടെ മെഡിക്കൽ വദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു. ഉപകരണക്ഷാമം കാരണം ഡോ. ഹാരിസിന്റെ യൂനിറ്റിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിന്റെ പിറ്റേദിവസം യൂറോളജിയിലെ മറ്റൊരു യൂനിറ്റിൽ ഇതേ ശസ്ത്രക്രിയ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ആ യൂനിറ്റ് ചീഫിന്റെ പക്കൽ ഉപകരണമുണ്ടായിരുന്നു. വകുപ്പിനുള്ളിലെ ആശയവിനിമയങ്ങളിൽ പോരായ്മകളുണ്ടെന്നും കണ്ടെത്തലിലുണ്ട്.
ബുധനാഴ്ച രാത്രി വൈകിയാണ് സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഡി.എം.ഇ ഡോ. വിശ്വനാഥന് കൈമാറിയത്. ഈ റിപ്പോർട്ട് വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകും. ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്കിടയാക്കിയ സാഹചര്യങ്ങൾ പലതും ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഉപകരണക്ഷാമം നിലനിൽക്കുന്നുണ്ടെന്നും അത് മെച്ചപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാവിയിൽ ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച മൊഴിയെടുക്കലും വിവരശേഖരണവും ബുധനാഴ്ചയും തുടർന്നു. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്. ഗോമതി, കോട്ടയം, മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.
ഡോ. ഹാരിസിനെതിരെ നടപടി വന്നേക്കും
തിരുവനന്തപുരം: സർക്കാറിനും സംവിധാനത്തിനും അപകീർത്തിയുണ്ടാക്കുംവിധത്തിൽ സമൂഹമാധ്യമംവഴി കുറിപ്പ് പങ്കുവെച്ചതിനെതിരെ ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകാനും സാധ്യത. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതിന്റെ സൂചനയും നൽകി. അതിനെ പിന്തുണച്ച് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നുകഴിഞ്ഞു. എന്നാൽ, ജനരോഷമുയരുമെന്നതിനാൽ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നും താക്കീതിൽ ഒതുക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

