ആരോഗ്യ മേഖലയിൽ ചുവപ്പുനാട പാടില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ; ‘തുറന്നുപറച്ചിലിൽ ശിക്ഷ പ്രതീക്ഷിക്കുന്നു’
text_fieldsതിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ചുവപ്പുനാട പാടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ തടസമില്ലാത്ത സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. തന്റെ തുറന്നുപറച്ചിലിൽ അധികാരികളിൽ നിന്ന് ശിക്ഷ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ പുനരാരംഭിച്ചതിൽ സന്തോഷമുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ട് ടേബിളുകളിലായി 11 ഓപറേഷനുകൾ നടന്നു. സാധാരണ ആറു മുതൽ എട്ട് ഓപറേഷനുകളാണ് നടക്കാറുള്ളത്. സ്വകാര്യ ആശുപത്രികളിൽ പോകുന്ന രോഗികൾ പണം കഴിയുമ്പോൾ സർക്കാർ ആശുപത്രിയിൽ എത്തുന്ന അവസ്ഥയാണുള്ളത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഈ കാഴ്ചപ്പാട് ഉണ്ടാകണം.
ശസ്ത്രക്രിയ ഉപകരണങ്ങളുടെ കാര്യത്തിൽ സർക്കാർ പാളിച്ചയല്ല സംഭവിച്ചത്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തന്റെ അപേക്ഷ രണ്ട് മാസത്തോളം കലക്ടറേറ്റിൽ കിടന്നത്. 28-ാം തീയതിയാണ് അപേക്ഷ സൂപ്രണ്ടന്റ് ഓഫിസിലേക്കും ഹൈദരാബാദിലേക്കും നീങ്ങിയതും ഉപകരണങ്ങൾ എത്തിച്ചതും.
എല്ലാ സമയത്തും പോരാടി ജയിക്കാനുള്ള ആരോഗ്യം തനിക്കില്ല. തന്റെ മാർഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം ശരിയായിരുന്നു. പ്രശ്നങ്ങൾ സമൂഹത്തിനും അധികാരികൾക്കും ഉദ്യോഗസ്ഥർക്കും മനസിലായിട്ടുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
അതേസമയം, ഡോ. ഹാരിസിന്റെ പരാമർശത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഡോക്ടറുടെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്.
അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കേരളത്തിൽ നെഗറ്റിവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മൂന്ന് മാസമായി കത്തെഴുതി കാത്തിരുന്നിട്ടും കിട്ടാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിന്റെ പിന്നാലെ മൂന്നാം ദിവസം ആശുപത്രിയിലെത്തി. മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിലേക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങളാണ് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്തെത്തിച്ചത്. വൃക്കയിലെ കല്ലു നീക്കംചെയ്യുന്ന ഉപകരണത്തിന്റെ ഘടകമായ ലിത്തോക്ലാസ്റ്റ് പ്രോബുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിന് പിന്നാലെ യൂറോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയയും പുനരാരംഭിച്ചു.
വ്യാഴാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ച് കാർഷിക കോളജ് വിദ്യാർഥിക്കായിരുന്നു ആദ്യ ശസ്ത്രക്രിയ. നിസ്സഹായവസ്ഥയും സംവിധാനങ്ങളുടെ മെല്ലപ്പോക്കും തുറന്നുപറഞ്ഞതിലൂടെ ആരോഗ്യവകുപ്പിന്റെ കണ്ണുതുറപ്പിച്ച യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ തന്നെയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതും.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവെക്കേണ്ടി വരികയാണെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും രോഗികളോട് പണം പിരിക്കേണ്ട ഗതികേടാണെന്നുമുള്ള ഡോക്ടറുടെ വെളിപ്പെടുത്തൽ മെഡിക്കൽ കോളജിലെ മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ പരാധീനതക്കെതിരെയുള്ള ജനകീയ വിചാരണക്കാണ് വഴി തുറന്നിരുന്നു. യൂറോളജി വിഭാഗത്തിലെ കാര്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുൻകുട്ടി വിവരമറിയിച്ചിരുന്നുവെന്ന് കൂടി ഡോക്ടർ വെളുപ്പെടുത്തിയതോടെ മന്ത്രി ഓഫീസും പ്രതിരോധത്തിലായി.
ഡോക്ടറെ ഒറ്റപ്പെടുത്താനും കടന്നാക്രമിക്കാനുമായിരുന്നു ആദ്യം നീക്കമെങ്കിലും ജനപിന്തുണ വർധിച്ചതോടെ അധികൃതർ നിലപാട് മാറ്റി. ‘ഡോക്ടർ സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് പറയുന്നതിലേക്ക് മന്ത്രിയും മയപ്പെട്ടു.
ഇതിന് പിന്നാലെയാണ് ഉപകരണങ്ങളെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടന്നത്. മാത്രമല്ല, ഡോക്ടറുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിയെയും നിയമിച്ചു. സമിതി റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാറിന് സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

