ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ; അന്വേഷണ സമിതി റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയതുസംബന്ധിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സർക്കാറിന് കൈമാറി. അന്വേഷണസംഘം ബുധനാഴ്ച രാത്രി പ്രാഥമിക റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.
ഇത് വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. അതേസമയം താൻ നടത്തിയത് അച്ചടക്കലംഘനമെന്ന് ബോധ്യമുള്ളതിനാൽ സസ്സ്പെൻഷനോ സ്ഥലംമാറ്റമോ മുന്നിൽകണ്ട് യൂനിറ്റിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസും വ്യാഴാഴ്ച വ്യക്തമാക്കി. പെട്ടെന്ന് നടപടിയുണ്ടായാൽ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണിത്.
ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള മരുന്നുവാങ്ങലിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതടക്കമുള്ള ശിപാര്‍ശകളാണ് അന്വേഷണസംഘം റിപ്പോർട്ടിൽ നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെയടക്കം അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ സര്‍വിസ് ചട്ടപ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന ശിപാര്‍ശയോടെയാകും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുക.
‘എനിക്ക് ഭയമില്ല, ഒരു ജോലി അല്ലെങ്കിൽ വേറൊരു ജോലി കിട്ടും, എന്നാൽ സാമാന്യ ജനങ്ങൾക്ക് സഹായം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സർക്കാർ സർവിസിൽ പ്രവേശിച്ചത്, എന്ത് ശിക്ഷക്കും ഞാൻ തയാറാണെന്നും’ ഡോ. ഹാരിസ് പറഞ്ഞു. തുറന്നുപറച്ചിൽ നടത്തിയതിൽ ഗുണമുണ്ടായി. എന്നാൽ സ്വീകരിച്ച മാർഗം തെറ്റായിരുന്നു. പക്ഷേ എനിക്ക് വേറെ മാർഗമില്ലായിരുന്നു.
ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്ന് മാത്രമേ വിചാരിച്ചുള്ളൂ. എന്നാൽ അതിനപ്പുറത്തേക്ക് കടന്ന് കൂടുതൽ മാനങ്ങൾ ലഭിച്ചു. അന്വേഷണ സമിതിക്ക് മറുപടിയായി നാല് പേജുള്ള മറുപടി എഴുതിനൽകി. മുമ്പ് പ്രതികരിച്ചതിനും തനിക്ക് തിക്താനുഭവങ്ങളുണ്ടായിട്ടുണ്ട്. ഞാൻ സത്യസന്ധനായ വ്യക്തിയാണ്. പല സത്യങ്ങളും തുറന്നുപറഞ്ഞപ്പോൾ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
എനിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ല. ഭാര്യക്കും മൂത്ത മകൾക്കും ജോലിയുണ്ട്. ഒരുദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി -ഡോ.ഹാരിസ് പറഞ്ഞു. അതേസമയം, ഡോ. ഹാരിസിനെതിരെ കടുത്ത നടപടിയെടുത്താൽ പൊതുസമൂഹത്തിൽ സർക്കാറിനെതിരെ കൂടുതൽ അവമതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ താക്കീതിലൊതുക്കാനും അല്ലെങ്കിൽ വിശദമായ റിപ്പോർട്ടിന് ശേഷം നടപടി ആലോചിക്കാമെന്ന് തീരുമാനിച്ച് വിഷയം തണുപ്പിക്കാനും അലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

