പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് ഡോ. ഹാരിസ്; ‘കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആഗ്രഹമില്ല’
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയതിൽ സന്തോഷമുണ്ടെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരവാദപ്പെട്ട പ്രധാന അധികാരികളും നേതാക്കളും ഫോണിൽ സംസാരിച്ചു. ശാശ്വത പരിഹാരം കാണുമെന്നാണ് ഉറപ്പ് നൽകിയത്. അന്വേഷണ പരിധിയിൽ വരുന്ന മെഡിക്കൽ കോളജ് സൂപ്രണ്ടന്‍റ്, പ്രിൻസിപ്പൽ അടക്കമുള്ളവരെ ശിക്ഷിക്കണമെന്ന് ആഗ്രഹമില്ല.
അഡ്മിനിസ്ട്രേഷന്‍റെ ബാലപാഠം പോലും അറിയാത്ത സൂപ്രണ്ടന്‍റിനെയും പ്രിൻസിപ്പലിനെയും ആണ് മെഡിക്കൽ കോളജിന്‍റെ ഭരണചുമതല നൽകിയിട്ടുള്ളത്. ഡോക്ടർമാരായ അവർക്ക് അഡ്മിനിസ്ട്രേഷന്‍ പരിചയം കുറവാണ്. ഹെൽത്ത് സർവീസിൽ ഉള്ളത് പോലെ അഡ്മിനിസ്ട്രേറ്റീവ് കേഡർ ഇല്ല. അതിനാൽ തീരുമാനങ്ങൾ എടുക്കാൻ പരിമിതികളുണ്ട്. അക്കാര്യം കൂടി നമ്മൾ പരിഗണിക്കണം. അഡ്മിനിസ്ട്രേറ്റീവ് പരിചയമുള്ളവർക്ക് ചുമതല നൽകിയാൽ നന്നാവുമെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെ ആരോഗ്യ മന്ത്രിയുടെ ഓഫിസിനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനും എതിരം രൂക്ഷ വിമർശനമാണ് ഡോ. ഹാരിസ് നടത്തിയത്. ഉപകരണ ക്ഷാമം ഒരു വർഷം മുൻപ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെ ധരിപ്പിച്ചിരുന്നുവെന്നും അപ്പോൾ അന്നത്തെ പ്രിൻസിപ്പലും തന്‍റെ ഒപ്പമുണ്ടായിരുന്നുവെന്നുമാണ് ഡോ. ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയത്. തങ്ങളുടെ സാന്നിധ്യത്തിൽ കെ. സജീവൻ സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് ആശയവിനിമയവും നടത്തിയിരുന്നുവെന്ന് ഹാരിസ് പറയുന്നു.
ഉപകരണ ക്ഷാമത്തെ കുറിച്ച് പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രിയും മെഡിക്കൽ കോളജ് അധികൃതരും ആവർത്തിക്കുമ്പോഴാണ് നിലവിൽ മന്ത്രിയുടെ ഓഫീസ് തന്നെ പ്രതിരോധത്തിലാകുന്നത്. ഡോക്ടറുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുമെന്നും കഠിനാധ്വാനിയും സത്യസന്ധനുമാണ് ഡോ. ഹാരിസ് ചിറയ്ക്കലെന്നുമായിരുന്നു മന്ത്രി വീണ ജോർജിന്‍റെ പ്രതികരണം.
അതേസമയം, മെഡിക്കൽ കോളജുകളിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ഡി.എം.ഇ വിശ്വനാഥന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, കോട്ടയം മെഡി. കോളജ് യൂറോളജി വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരടങ്ങുന്നതാണ് സമിതി. പ്രത്യേക സാഹചര്യം വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഉന്നത തലയോഗവും ചേർന്നിട്ടുണ്ട്.
ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടും മാധ്യമങ്ങളോട് വിശദീകരിച്ചും ആരോപണമുയിച്ച ഡേ. ഹാരിസ് ഞായറാഴ്ച അൽപം വൈകാരികമായാണ് തുറന്നടിച്ചത്. സംവിധാനങ്ങളിലെ പരിമിതികളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയതോടെ പ്രതിരോധ ലൈൻ വിട്ട് ഉൾക്കൊള്ളൽ നിലപാടിലേക്കാൻ സർക്കാർ മാറാൻ കാരണവുമിതാണ്. സന്നദ്ധ സംഘടകളോട് ഇരന്ന് ഉപകരണങ്ങൾ വാങ്ങിയാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന തുറന്നുപറച്ചിൽ ആരോഗ്യവകുപ്പിന് ചെറുതല്ലാത്ത പ്രഹരമാണ്.
ഇതിനിടെ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. നിയമസഭയിലും പുറത്തും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണിത്. എല്ലാ മെഡിക്കല്‍ കോളജുകളിലും അവസ്ഥ സമാനമാണ്. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാൻ നൂല് പോലുമില്ലാത്ത മെഡിക്കല്‍ കോളജുകളുണ്ട്. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചു. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് കോടികള്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്‍റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്. ഇതേ ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവെച്ചാല്‍ നിരവധി വാള്യം വേണ്ടിവരും. വര്‍ഷങ്ങള്‍ കൊണ്ട് കേരളം ആർജിച്ചെടുത്ത ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് ഇല്ലാതാക്കുന്നത്. മന്ത്രിയുടെ ഓഫിസ് മറ്റാരൊക്കെയോ ആണ് ഭരിക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമീഷന്‍ തിങ്കളാഴ്ച നിലവില്‍ വരുമെന്നും ജൂലൈയില്‍ തന്നെ ഹെല്‍ത്ത് കോണ്‍ക്ലേവ് ചേരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

