ഡോ. ഹാരിസിന്റെ വാദങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്
text_fieldsdr haris chirakkal
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായെന്നും ഡോക്ടർ അപേക്ഷ നൽകി ആറ് മാസത്തിനുശേഷമാണ് ഭരണാനുമതി ലഭിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പിരിവിട്ടാണ് ഉപകരണങ്ങൾ വാങ്ങിയതെന്ന കാര്യം രോഗികളുടെ ബന്ധുക്കൾ സമിതിക്ക് മുന്നിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 4000 രൂപ വരെ വാങ്ങിയിട്ടുണ്ട്. ഇതടക്കം സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിരവധി പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടായിരിക്കെയാണ് ഉപകരണം കാണാതായതിന്‍റെ പേരിൽ ഡോക്ടറെ ഇരുട്ടിൽ നിർത്താനുള്ള പരാമർശങ്ങൾ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഉപകരണ പ്രതിസന്ധി ഡോക്ടർ മാധ്യമങ്ങളോട് തുറന്നുപറഞ്ഞ ദിവസം യൂറോളജി വിഭാഗത്തിൽ രണ്ട് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. ഇക്കാര്യം വിദഗ്ദസമിതിയും സ്ഥിരീകരിക്കുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം യൂറോളജിയിലെ മറ്റൊരു യൂനിറ്റിൽ ശസ്ത്രക്രിയ നടന്നത് ചൂണ്ടിക്കാട്ടി ഹാരിസിന്‍റെ വാദങ്ങൾ തെറ്റാണെന്നും ഉപകരണ ക്ഷാമമില്ലെന്നും സ്ഥാപിക്കാനായിരുന്നു ആരോഗ്യ വകുപ്പ് ശ്രമം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കി എന്നതായിരുന്നു ഡോക്ടർക്ക് മേലുള്ള കുറ്റപത്രം. അതേസമയം, ഈ യൂനിറ്റിലെ മേധാവി സ്വന്തം നിലയിൽ വാങ്ങിയ ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വിദഗ്ദ സമിതി കണ്ടെത്തി.
ഉപകരണ ക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സമയബന്ധിതമായി അപേക്ഷ നൽകിയിട്ടും മാസങ്ങൾ കാത്തിരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടിലെ പരാമർശം. കലക്ടറുടെ നേതൃത്വത്തിലുള്ള ആശുപത്രി വികസന സമിതി സമയബന്ധിതമായി ഭരണാനുമതി നൽകാത്തതാണ് കാരണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പ്രത്യക സംവിധാനം ഒരുക്കണം. ഉപകരണങ്ങൾ വാങ്ങാൻ രോഗികളിൽനിന്ന് പണം വാങ്ങുന്ന രീതി നിരുത്സാഹപ്പെടുത്തണം. ബദൽ മാർഗം ക്രമീകരിക്കണം. അടിയന്തര ഘട്ടങ്ങളിൽ ഉപകരണങ്ങൾ ഉറപ്പാക്കാൻ മെഡിക്കൽ സൂപ്രണ്ടിനുള്ള സാമ്പത്തികാധികാരം വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘ഡോ. ഹാരിസിന് സദുദ്ദേശം, പക്ഷേ പെരുമാറ്റച്ചട്ട ലംഘനം ’
ഡോ. ഹാരിസ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത് സദുദ്ദേശത്തോടെയാണെന്നും അതേസമയം, സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും വിദഗ്ദ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഡി.എം.ഇയുടെ മൊഴിയെടുക്കൽ തിങ്കളാഴ്ചയുണ്ടാകും. അച്ചടക്കനടപടി കാരണംകാണിക്കൽ നോട്ടീസിലൊതുങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

