Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം. വിജിൻ സെക്രട്ടറി

text_fields
bookmark_border
ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം. വിജിൻ സെക്രട്ടറി
cancel

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റായി ഡോ. ചിന്ത ജെറോമിനെയും സെക്രട്ടറിയായി കല്ല്യാശ്ശേരി എം.എൽ.എ എം. വിജിനെയും തെരഞ്ഞെടുത്തു. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വനിത പ്രസിഡൻ്റ് പദവിയിലെത്തുന്നത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ. രാഹുലാണ് പുതിയ ട്രഷറർ. തൃശൂരിൽ സമാപിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീമാണ് നേതൃനിരയെ പ്രഖ്യാപിച്ചത്.

92 അംഗ സംസ്ഥാന കമ്മിറ്റിയെയും 25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഡോ. ചിന്ത ജെറോം (പ്രസിഡൻ്റ്)

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ചിന്ത ജെറോം നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. 2016 മുതൽ 2023 വരെ കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. അധ്യാപക ദമ്പതികളായ സി. ജെറോമിൻ്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്താണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളും രചിച്ചു.

എം. വിജിൻ (സെക്രട്ടറി)

കണ്ണൂർ കല്ല്യാശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമായ എം. വിജിൻ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗമാണ്. എടാട്ട് ടി.കെ ഭാസ്കരൻ-വസന്ത ദമ്പതികളുടെ മകനാണ്.

അഡ്വ. ആർ. രാഹുൽ (ട്രഷറർ)

നിലവിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ അംഗവും പൊതുമരാമത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ് അഡ്വ. ആർ. രാഹുൽ (37). സംസ്ഥാന യുവജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്‌. എസ്.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ല സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story