നാലുപേരെ പുതുജീവിതത്തിലേക്ക് ഉയർത്തി ഡോ. അശ്വിൻ യാത്രയായി
text_fieldsതിരുവനന്തപുരം: നാലുപേരെ പുതുജീവിതത്തിലേക്ക് ഉയർത്തി ഡോ. അശ്വിൻ മോഹനചന്ദ്രൻ യാത്രയായി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായ അശ്വന്‍ (32) ഇനി സഹജീവികളിലൂടെ ജീവിക്കും. കൊല്ലം ഉമയനല്ലൂർ നടുവിലക്കര 'സൗപർണിക'യിൽ ഡോ. അശ്വിന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്.
അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേ രോഗിക്കും കൈമാറി. കൊല്ലം ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശിയാണ് അശ്വൻ. അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഡിസംബര്‍ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്വിമ്മിങ് പൂളില്‍ കാല്‍തെറ്റി വീണാണ് അശ്വിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബര്‍ 27ന് വിദഗ്ധ ചികിത്സക്കായി കൊല്ലം എൻ.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. റിട്ട. അധ്യാപകന്‍ മോഹനചന്ദ്രന്‍ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ് അശ്വന്‍. അരുണിമയാണ് സഹോദരി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഒരു മണിക്കൂര്‍ കൊണ്ടാണ് അവയവം എത്തിച്ചത്. തന്റെ അവയവങ്ങള്‍ മരണാനന്തരം മറ്റൊരാള്‍ക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വിന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

