കോഴിക്കോട്: പരീക്ഷകളിലെല്ലാം മിന്നുന്ന വിജയം നേടി കരിയർ തുടങ്ങിയ ഡോക്ടർ അനൂപിെൻറ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് അസാധാരണ പ്രതിഭയെ. രക്താർബുദത്തോടുള്ള പോരാട്ടത്തിൽ വൈദ്യശാസ്ത്രത്തിെൻറ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിയ ശേഷമായിരുന്നു 34 കാരനായ ആ യുവ പ്രതിഭ മരണത്തിന് കീഴടങ്ങിയത്. സി.ബി.എസ്.ഇ പത്താം തരത്തിൽ ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളിയായിരുന്നു അനൂപ്. 2002 ലായിരുന്ന ആ വിജയത്തിളക്കം. 12ാം തരത്തിൽ നാലാം റാങ്ക് നേടാനുമായി.
വിദ്യാനഗർ കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് തന്നെ അധ്യാപകരുടെയെല്ലാം പ്രിയങ്കരനായിരുന്നു അനൂപ്.
മെഡിക്കൽ പ്രവേശനപരീക്ഷയിൽ 48-ാം റാങ്കായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. സ്വർണമെഡലോടെ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽനിന്ന് റേഡിയോ ഡയഗ്നോസിസിൽ മാസ്റ്റർ ബിരുദവും നേടി. എയിംസിലെ മികച്ച വിദ്യാർഥിക്കുള്ള ഡോ. ശ്യാം ശർമ പുരസ്കാരം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയിൽനിന്നാണ് അനൂപ് ഏറ്റുവാങ്ങിയത്.
ഡൽഹി എയിംസിൽ മൂന്നുവർഷത്തോളം ജോലി ചെയ്തിരുന്നു. കരിയർ തുടങ്ങിയ ശേഷവും അക്കാദമിക താൽപര്യത്തോടെയും ഗവേഷണ സ്വഭാവത്തോടെയും പഠന പ്രവർത്തനങ്ങൾ അനൂപ് മുന്നോട്ട് കൊണ്ട് പോയിരുന്നു. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിരുന്ന ഈ യുവ ഡോക്ടർക്ക് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവരുമായി നല്ല ബന്ധമായിരുന്നു.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് രക്താർബുദം പിടിമുറുക്കിയത്. കഴിഞ്ഞ ഒന്നര വർഷമായി നവി മുംബൈയിൽ ഖാർഗാർ ടാറ്റാ മെമ്മോറിയൽ കാൻസർ റിസർച് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്നു. അനുയോജ്യമായ മജ്ജ കണ്ടെത്തുന്നതിന് കേരളത്തിലെയും മറുനാട്ടിലെയും വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തിയിരുന്നു. 10 മാസം മുൻപാണ് രക്തമൂല കോശം (മജ്ജ) മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
ജീവിതത്തിലേക്കു തിരിച്ചു വരുമെന്നു പ്രതീക്ഷയിലായിരുന്നു രണ്ടാഴ്ച മുൻപു വരെ. മജ്ജ മാറ്റിവെച്ച് രോഗം ഭേദമാവുന്നതിനിടെ രക്തത്തിലുണ്ടായ അണുബാധയാണ് മരണത്തിനിടയാക്കിയത്.
കൃഷി വകുപ്പിൽ നിന്ന് ജോയിൻറ് ഡയറക്ടറായ വിരമിച്ച കാസർകോട് അണംകൂർ അനുഗ്രഹിൽ എം.ഭാസ്കരനാണ് അനൂപിെൻറ പിതാവ്. മകെൻറ ജീവൻ നിലനിർത്താനുള്ള പരിശ്രമത്തിലായിരുന്നു ഇദ്ദേഹം. ജനിതക സാമ്യമുള്ള രക്ത മൂല കോശ ദാതാക്കളെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം.
ഇതിനായി ദാത്രി (രക്ത മൂലകോശ ദാതാക്കളുടെ സംഘടന)യുമായി ചേർന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ബംഗളൂരു, ന്യൂഡൽഹി തുടങ്ങിയ കേന്ദ്രങ്ങളിലായി ദാതാക്കളെ കണ്ടെത്താനുള്ള ക്യാംപുകൾ സംഘടിപ്പിച്ചു.
രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷ എന്ന നിലയിലാണ് രക്ത മൂലകോശം മാറ്റിവയ്ക്കൽ (ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്) നടത്തുന്നത്. ദാത്രി, ഐ.എം.എ, കാസർകോട് പീപ്പിൾസ് ഫോറം തുടങ്ങി വിവിധ സംഘടനകളുടെയും സഹപാഠികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ 18നും 50നും മധ്യേയുള്ള 3000 ലേറെ പേർ ഇതിനു തയാറായി മുന്നോട്ടു വന്നിരുന്നു.