Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഒഴുകുന്ന പുഴ...

'ഒഴുകുന്ന പുഴ മാത്രമല്ല,​ വറ്റിവരണ്ടതും ചരിത്രത്തിലുണ്ട്' -പി. ജയരാജന്​ ഡോ. അമൽ സി. രാജൻെറ മറുപടി

text_fields
bookmark_border
p jayarajan
cancel

മുന്നാക്ക സംവരണത്തെ അനുകൂലിച്ച്​ സി.പി.എം നേതാവ് പി. ജയരാജൻ എഴുതിയ 'സംവരണ പ്രശ്നത്തിൽ ഇടതിന് കൃത്യമായ നിലപാടുണ്ട്' (മാധ്യമം, നവം. 06, പേജ്​ 06) എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്​ മറുപടിയുമായി ഗവേഷകനും സാമൂഹിക പ്രവർത്തകനുമായ ഡോ. അമൽ സി. രാജൻ​. സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്നു പറഞ്ഞ ജയരാജൻ, ദരിദ്രമു​ന്നാക്കക്കാർക്ക്​ സമാശ്വാസ പദ്ധതിയായി സംവരണത്തെ അവതരിപ്പിക്കുന്നത് തന്നെ നയ വൈകല്യമാണെന്ന്​ ഇടതുസഹയാത്രികൻ കൂടിയായ അമൽ ചൂണ്ടിക്കാട്ടുന്നു.

ജാതി പിന്നാക്കാവസ്ഥയും പ്രാതിനിധ്യക്കുറവും സാമൂഹ്യ മൂലധനത്തിൻ്റെ അഭാവവും മാത്രമല്ല, നവ ഹിന്ദുത്വത്തിൻ്റ രാഷ്ട്രീയ കെടുതികളും അതിനൊപ്പം ജയരാജൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളും ഒരുമിച്ചനുഭവിക്കുന്നവരാണ് ദലിത്- പിന്നാക്ക വിഭാഗങ്ങൾ. അതേ സമയം സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ 'മുന്നാക്കത്തിലെ പിന്നാക്കത്തിന് ' പറയാനുള്ളൂ. ഇതിനു രണ്ടിനും പ്രതിവിധിയായി സംവരണത്തെ നിർദേശിക്കുക എന്നതാണോ വർഗ നിലപാടുള്ളവർ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവും വരില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞു പോകുന്നതല്ലാതെ മുഖ്യമന്ത്രിയുടെ വാദത്തെ സാധൂകരിക്കുന്ന കണക്കുകളൊന്നും ജയരാജൻ മുന്നോട്ടുവെക്കുന്നില്ല. മുഖ്യമന്ത്രിയുടെ അവകാശവാദം ജയരാജനുപോലും ബോധ്യപ്പെട്ടതായി തോന്നുന്നില്ല. "വിദ്യാർത്ഥി പ്രവേശനത്തിലോ മറ്റോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ ഉന്നയിച്ചാൽ പരിഹരിക്കാൻ സന്നദ്ധമായ സർക്കാറാണ് കേരളത്തിലേത് " എന്ന ലേഖനത്തിലെ പരാമർശം ഈ നിഗമനത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ്.

മുന്നാക്ക സംവരണംകൊണ്ട് നിലവിലെ സംവരണീയ വിഭാഗങ്ങളുടെ അവകാശങ്ങളിൽ യാതൊരു കുറവും സംഭവിക്കില്ലെന്ന നിലപാടിൽ നിന്ന്, കൃത്യമായി മേഖലകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ പോരായ്മകളുണ്ടെന്നു സമ്മതിക്കുന്നിടത്തേക്ക് സി.പി.എം എത്തിച്ചേർന്നിരിക്കുന്നു. ഇത് കഴിഞ്ഞ നാളുകളിൽ ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ദലിത് പിന്നാക്ക സമൂഹവും നടത്തിയ, വസ്തുതകൾ നിരത്തിയുള്ള ശക്തമായ പ്രതിരോധത്തിൻെറ ആദ്യ വിജയസൂചനയാണെന്നും അമൽ സി. രാജൻ അഭിപ്രായപ്പെട്ടു.

പത്തു ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം എന്ന ആശയം മണ്ഡൽ കേസിൽ സുപ്രീം കോടതി തള്ളിയതാണ്. ഇതു വകവക്കാതെ സംഘപരിവാർ കൊണ്ടുവന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിൻെറ ഫലമറിയാൻപോലും കാത്തു നിൽക്കാതെ, വസ്തുതകളുടെ പിൻബലമില്ലാത്ത ഒരു കമ്മീഷൻ റിപ്പോർട്ടിനെ മുൻനിർത്തി കേരള സർക്കാർ തിരക്കിട്ട് മുന്നാക്ക സംവരണം പ്രഖ്യാപിച്ചത് തിരിച്ചടിയാകുമോ എന്ന് ഇടതുപക്ഷത്തുള്ളവർക്കുതന്നെ സന്ദേഹമുണ്ട്. അതിൻെറ തെളിവുകൂടിയാണ് സി.പി.എം നേതാവെഴുതിയ ലേഖനമെന്നും ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ചരിത്രഗതി കെട്ടിക്കിടക്കുന്ന ജലാശയം പോലെയല്ല, ഒഴുകുന്ന പുഴ പോലെയാണെന്ന ജയരാജൻെറ വാക്കുകൾക്ക്​ ''വറ്റിവരണ്ടുപോയ നിരവധി പുഴകൾ ചരിത്രത്തിലുണ്ട്, അടിസ്ഥാന ജനതയിൽ നിന്നകന്നാൽ ഇടതുപക്ഷത്തിന് നിലനിൽപ്പുണ്ടാകില്ല'' എന്ന ഓർമപ്പെടുത്തലോടെയാണ്​ അമലിൻെറ മറുപടി അവസാനിക്കുന്നത്​.


ഡോ. അമൽ സി. രാജൻെറ ഫേസ്​ബുക് ​പോസ്​റ്റിൻെറ പൂർണ രൂപം

'സംവരണ പ്രശ്നത്തിൽ ഇടതിന് കൃത്യമായ നിലപാടുണ്ട്' എന്ന തലക്കെട്ടിൽ സി പി ഐ (എം) നേതാവ് പി ജയരാജൻ എഴുതിയ ലേഖനം മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"സംവരണം ദാ​രി​ദ്ര്യനി​ർ​മാ​ർ​ജ്ജന പ​ദ്ധ​തി​യ​ല്ല. ഒ​രു​കാ​ല​ത്ത് അ​വ​സ​ര​ങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് അവസര സമത്വം നൽകുന്നതിനാണ് സംവരണം '' എന്നദ്ദേഹം എഴുതുന്നു.

സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജന പദ്ധതി കൂടിയാണെന്നു സ്ഥാപിക്കാനാണ് കഴിഞ്ഞ ഏതാനും നാളുകളായി കെ എൻ ഗണേശിനെപ്പോലുള്ള മുൻനിര സി പി എം ബുദ്ധിജീവികൾ മുതൽ സൈബർ അണികൾ വരെ ശ്രമിച്ചിരുന്നത്. ചരിത്ര വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഇത്തരം വാദങ്ങളെ ഒടുവിൽ സി പി എം നേതാവു തന്നെ തള്ളിയിരിക്കുന്നു എന്നതാണ് ലേഖനത്തിൽ ശ്രദ്ധേയമായിട്ടുള്ളത്.

പിന്നെന്തുകൊണ്ട് എൽ ഡി ഫ് സാമ്പത്തിക സംവരണം ഏർപ്പെടുത്തി എന്ന ചോദ്യത്തിന് ജയരാജൻ നൽകുന്ന വിശദീകരണം നോക്കുക:

"നിലവിൽ സംവരണം ലഭിക്കാത്ത ജാതിവിഭാഗങ്ങളിൽ പെട്ടവരാകെ മുമ്പൊരു കാലത്തെ സാമൂഹിക - സാമ്പത്തിക പദവികളിൽ തുടരുന്നവരുമല്ല . അവർക്കിടയിലും മുതലാളിത്ത വളർച്ചയുടെ ഫലമായി പാപ്പരീകരണം നടന്നിട്ടുണ്ട് . അത്തരക്കാരെ ഉദ്ദേശിച്ചാണ് ഇടതുസർക്കാർ കൊണ്ടുവന്ന പുതിയ സംവരണനിർദേശം ."

ഭൂപരിഷ്ക്കരണത്തെ തുടർന്ന് കേരളത്തിലെ സവർണ്ണരിൽ നല്ലൊരു പങ്കും ദരിദ്രരായി എന്ന സൈബർ ന്യായീകരണങ്ങൾ പി ജയരാജനും പാർട്ടിക്കും സ്വീകാര്യമല്ലെന്നു ചുരുക്കം. മുന്നാക്ക ദാരിദ്ര്യം എന്നൊന്നുണ്ടെങ്കിൽ അതിനു കാരണമായി കമ്മ്യൂണിസ്റ്റായ പി ജയരാജൻ കാണുന്നത് ആഗോളവൽക്കരണത്തെ തുടർന്നുണ്ടായ പാപ്പരീകരണത്തെയാണ്.

വർഗ്ഗനിലപാടിൽ നിന്നു നോക്കുമ്പോൾ ഈ നിലപാടിന് സാധുതയുണ്ട്. പക്ഷേ അവിടെ പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്.
ഇന്ത്യയിൽ മുതലാളിത്ത വളർച്ചയെ തുടർന്നുണ്ടായിട്ടുള്ള പാപ്പരീകരണം മുന്നാക്ക സമുദായങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമാകുന്നതെങ്ങനെ? ആഗോളീകരണത്തിൻ്റെ പ്രശ്നങ്ങൾ മുന്നാക്കക്കാരേക്കാൾ കൂടുതൽ പിന്നാക്കക്കാരെയല്ലേ ബാധിക്കുക?

ജാതി പിന്നാക്കാവസ്ഥയും പ്രാതിനിധ്യക്കുറവും സാമൂഹ്യ മൂലധനത്തിൻ്റെ അഭാവവും മാത്രമല്ല, നവ ഹിന്ദുത്വത്തിൻ്റ രാഷ്ട്രീയ കെടുതികളും അതിനൊപ്പം ജയരാജൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളും ഒരുമിച്ചനുഭവിക്കുന്നവരാണ് ദളിത്- പിന്നാക്ക വിഭാഗങ്ങൾ. അതേ സമയം സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ 'മുന്നാക്കത്തിലെ പിന്നാക്കത്തിന് ' പറയാനുള്ളൂ. ഇതിനു രണ്ടിനും പ്രതിവിധിയായി സംവരണത്തെ നിർദ്ദേശിക്കുക എന്നതാണോ വർഗ്ഗ നിലപാടുള്ളവർ ചെയ്യേണ്ടത്? സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ലെന്നു പറഞ്ഞ ശേഷം, പാപ്പരീകരണത്തിനുള്ള സമാശ്വാസ പദ്ധതിയായി അതിനെത്തന്നെ അവതരിപ്പിക്കുന്നത് ന്യായ വൈകല്യമാണ്.

നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവും വരില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞു പോകുന്നതല്ലാതെ മുഖ്യമന്ത്രിയുടെ വാദത്തെ സാധൂകരിക്കുന്ന കണക്കുകളൊന്നും ലേഖനത്തില്ല. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ജയരാജനുപോലും ബോധ്യപ്പെട്ടതായും തോന്നുന്നില്ല.

ലേഖനത്തിലെ അടുത്ത പരാമർശം ഈ നിഗമനത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ്. അദ്ദേഹം പറയുന്നത് നോക്കുക:

"വിദ്യാർത്ഥി പ്രവേശനത്തിലോ മറ്റോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ ഉന്നയിച്ചാൽ പരിഹരിക്കാൻ സന്നദ്ധമായ സർക്കാറാണ് കേരളത്തിലേത് ".

EWS സംവരണംകൊണ്ട് നിലവിലെ സംവരണീയ വിഭാഗങ്ങളുടെ അവകാശങ്ങളിൽ യാതൊരു കുറവും സംഭവിക്കില്ലെന്ന നിലപാടിൽ നിന്ന്, കൃത്യമായി മേഖലകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ പോരായ്മകളുണ്ടെന്നു സമ്മതിക്കുന്നിടത്തേക്ക് സി പി ഐ (എം) എത്തിച്ചേർന്നിരിക്കുന്നു. ഇത് കഴിഞ്ഞ നാളുകളിൽ ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ദളിത് പിന്നാക്ക സമൂഹവും നടത്തിയ, വസ്തുതകൾ നിരത്തിയുള്ള ശക്തമായ പ്രതിരോധത്തിൻ്റെ ആദ്യത്തെ വിജയസൂചനയാണ്.

പത്തു ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം എന്ന ആശയം മണ്ഡൽ കേസിൽ സുപ്രീം കോടതി തള്ളിയതാണ്. ഇതു വകവക്കാതെ സംഘപരിവാർ കൊണ്ടുവന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിൻ്റെ ഫലമറിയാൻപോലും കാത്തു നിൽക്കാതെ, വസ്തുതകളുടെ പിൻബലമില്ലാത്ത ഒരു കമ്മീഷൻ റിപ്പോർട്ടിനെ മുൻനിർത്തി കേരള സർക്കാർ തിരക്കിട്ട് EWS സംവരണം പ്രഖ്യാപിച്ചത് തിരിച്ചടിയാകുമോ എന്ന് ഇടതുപക്ഷത്തുള്ളവർക്കുതന്നെ സന്ദേഹമുണ്ട്. അതിൻ്റെ തെളിവുകൂടിയാണ് മാധ്യമം പത്രത്തിൽ സി പി ഐ (എം) നേതാവെഴുതിയ ലേഖനം.

സാമ്പത്തിക സംവരണത്തെ പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കുക എളുപ്പമല്ലെന്നും പുനർവിചിന്തനം അനിവാര്യമാകുമെന്നും കരുതുന്ന ഒരു വിഭാഗം ഇടതുപക്ഷത്തിനകത്തു തന്നെ രൂപപ്പെടുന്നുണ്ട്.

സർക്കാരിൻ്റെ എടുത്തുചാട്ടത്തെ സി പി ഐ (എം) നേക്കാൾ രൂക്ഷമായി ന്യായീകരിച്ച ഘടകകക്ഷി നേതാക്കൾക്കും ജയരാജൻ്റെ ലേഖനം ഒരു പുനർവിചിന്തനത്തിനുള്ള അവസരം തുറന്നിടുന്നുണ്ട്.

കെട്ടിക്കിടക്കുന്ന ജലാശയം പോലെയല്ല ചരിത്രഗതി, ഒഴുകുന്ന പുഴ പോലെയാണെന്ന പി ജയരാജൻ്റെ നിരീക്ഷണം ശ്രദ്ധേയമാണ്. വറ്റിവരണ്ടുപോയ നിരവധി പുഴകൾ ചരിത്രത്തിലുണ്ട്. അടിസ്ഥാന ജനതയിൽ നിന്നകന്നാൽ ഇടതുപക്ഷത്തിന് നിലനിൽപ്പുണ്ടാകില്ല.

കൃത്യമായ നിലപാടെടുക്കേണ്ട സമയമാണിത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationp jayarajanewsews reservation
Next Story