Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതിവാലുള്ള...

'ജാതിവാലുള്ള സ്​ഥാനാർഥികൾ വിപ്ലവകാരികൾ; സംവരണ അട്ടിമറി എതിർക്കുന്നവർ ജാതിവാദികൾ'

text_fields
bookmark_border
ജാതിവാലുള്ള സ്​ഥാനാർഥികൾ വിപ്ലവകാരികൾ; സംവരണ അട്ടിമറി എതിർക്കുന്നവർ ജാതിവാദികൾ
cancel

കോഴിക്കോട്​: മാനദണ്ഡങ്ങൾ ലംഘിച്ചുള്ള​ സവർണ സംവരണത്തിനെതിരെ സംസാരിക്കുന്നവരെ സി.പി.എം അടക്കമുള്ളവർ​ ജാതിവാദികളും സ്വത്വവാദികളുമായി മുദ്രകുത്തുന്നതിനെ ചോദ്യം ചെയ്​ത്​ ഇടതുസഹയാത്രികൻ ഡോ. അമൽ സി. രാജൻ. ഇടതുപക്ഷത്തിനുള്ളിൽ നിന്ന് ജാതിയെ അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുന്നവരെയും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നവരെയും നിശബ്ദരാക്കാൻ ഉപയോഗിക്കുന്ന പ്രയോഗമായി 'സ്വത്വവാദം' മാറിക്കഴിഞ്ഞതായി അദ്ദേഹം ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചു.

ജാതിയുടെ പ്രിവിലേജ് പേരിൽ ചേർത്ത സഖാക്കൾ സ്ഥാനാർഥികളായ അതേ സമയത്താണ് മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമല്ലേ എന്നു ചോദിച്ചതിൻറെ പേരിൽ പിന്നാക്ക ജാതികളിൽപ്പെട്ട സഖാക്കൾ അച്ചടക്ക നടപടികൾക്കു വിധേയരാകുന്നത്. വർഗനിലപാടുകളിൽ നിന്നുള്ള വ്യതിയാനമായും സ്വത്വവാദത്തിൻറെ വക്താക്കളായുമാണ്​ ഇവർ ചിത്രീകരിക്കപ്പെടുന്നത്​. എന്നാൽ, പേരിനൊപ്പം ജാതിപ്പേരും ചേർത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവരെ പുരോഗമനവാദികളും മതേതരവാദികളും വിപ്ലവകാരികളുമായും എണ്ണുന്നു. ജാതിയുടെ പ്രിവിലേജുകൾ ഇല്ലാത്ത മനുഷ്യർക്ക് അർഹതപ്പെട്ടതാണ് സംവരണം. മുന്നാക്ക സംവരണം തെറ്റാണെന്നു പറയുന്നതിന് ജാതിപേരു വെച്ച തെരഞ്ഞെടുപ്പ്​ പോസ്റ്ററുകളേക്കാൾ വലിയ തെളിവുകൾ വേണ്ടതില്ല. ചിലർക്ക് ജാതി തന്നെ ഒരു മൂലധനമാണ്. 'മൂലധനത്തി'ൻ്റെ വ്യാഖ്യാതാക്കൾ അത് മനസിലാക്കിയേ തീരൂ. അല്ലാത്ത പക്ഷം ദാസ് ക്യാപ്പിറ്റൽ ഇന്ത്യയിൽ മനുസ്മൃതിയുടെ മറുപേര് മാത്രമാകുമെന്നും അമൽ ഓർമിപ്പിച്ചു.

ജാതിവിവേചനം മുമ്പെന്നോ ഉണ്ടായിരുന്ന ഒരു സംഗതി മാത്രമാണെന്നും പുതിയ കാലത്ത് നിങ്ങളെന്തിന് ജാതിയെക്കുറിച്ച് സംസാരിച്ച് ജാതിചിന്ത ശക്തിപ്പെടുത്തുന്നുവെന്നുമാണ് ചിലർ ചോദിക്കുന്നത്​. അധീശവിഭാഗം ജാതിയെ സാംസ്കാരിക മൂലധനമായി കൈയ്യാളുന്നത് തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കുമ്പോളും അതെല്ലാം തോന്നലുകളാണെന്നും അതിവായനകളാണെന്നും വാദിച്ച് വിഷയത്തെ നിസ്സാരവത്കരിക്കുന്നതാണ് പൊതുപ്രവണത. പ്രായമായവരുടെ പേരിനൊപ്പമുള്ള ജാതി വാലിനെ കാലത്തി​െൻറ തിരുശേഷിപ്പായി എണ്ണാമെന്നു കരുതാം. എന്നാൽ, ജനാധിപത്യ കേരളത്തിലെ രണ്ടാം തലമുറക്ക് എന്ത് ന്യായമാണ് ഈ വിഷയത്തിൽ പറയാനുള്ളതെന്നും അമൽ ചോദിച്ചു.

പേരിനൊപ്പമുള്ള ജാതിപ്പേരിൽ പ്രവർത്തിക്കുന്ന അധികാരത്തിന് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ജന്മനാതന്നെ തന്നേക്കാൾ താഴ്ന്നവരാണെന്ന ബോധത്തെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതൊരു വംശവെറി കൂടിയാണ്. ഈ യാഥാർഥ്യത്തെ അഭിസംബോധ ചെയ്യാൻ ഇടതു സംഘടനാ സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നുവെങ്കിൽ അതിനു കാരണം അതിനകത്തു പ്രവർത്തിക്കുന്ന ജാത്യധികാരമാണെന്നും അമൽ കുറ്റപ്പെടുത്തി.

ഫേസ്​ബുക്​ കുറിപ്പി​െൻറ പൂർണ രൂപം:

ഇ.ഡബ്ല്യു.എസ്​ സംവരണത്തിനെതിരെ സംസാരിക്കുന്നവരെ മുഴുവൻ ജാതിവാദികളായി ചിത്രീകരിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തിപ്പെട്ടു വരികയാണ്. ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നവരെ നിശബ്ദരാക്കാനോ അവഗണിക്കാനോ ഉപയോഗിക്കുന്ന പ്രയോഗമായി സ്വത്വവാദം മാറിക്കഴിഞ്ഞു. പ്രത്യേകിച്ച്, ഇടതുപക്ഷത്തിനുള്ളിൽ നിന്ന് ജാതിയെ അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുമ്പോൾ. വർഗ്ഗത്തിനൊപ്പം ജാതിയും വളരെ ശക്തമായി തന്നെ മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതൊരു സാമൂഹ്യ യാഥാർഥ്യമാണെന്നും അതുകൊണ്ടുതന്നെ ഭരണഘടനാപരമായ അഫർമേറ്റീവ് ആക്ഷനുകൾ തുടരേണ്ടതുണ്ടെന്നും പറയുന്നതുകൊണ്ടാണ് പലപ്പോഴും സ്വത്വവാദിയായി മുദ്രകുത്തുന്നതെന്നോർക്കണം.


ജാതിവിവേചനം മുമ്പെന്നോ ഉണ്ടായിരുന്ന ഒരു സംഗതി മാത്രമാണെന്നും പുതിയ കാലത്ത് നിങ്ങളെന്തിന് ജാതിയെക്കുറിച്ച് സംസാരിച്ച് ജാതിചിന്ത ശക്തിപ്പെടുത്തുന്നുവെന്നുമാണ് ചോദ്യം. അധീശവിഭാഗം ജാതിയെ സാംസ്കാരിക മൂലധനമായി കൈയ്യാളുന്നത് തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കുമ്പോളും അതെല്ലാം തോന്നലുകളാണെന്നും അതിവായനകളാണെന്നും വാദിച്ച് വിഷയത്തെ നിസ്സാരവത്കരിക്കുന്നതാണ് പൊതുപ്രവണത.


ലോക്കൽ ബോഡി ഇലക്ഷനിലെ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സി പി ഐ, സി പി ഐ എം, കോൺഗ്രസ് (ഐ) , ബിജെപി തുടങ്ങിയ ദേശീയ പാർട്ടികളുടെ ചിഹ്നം വച്ച് പ്രചരിക്കുന്ന പോസ്റ്ററുകളിൽ പലതിലും ജാതിവാലുകൾ ചേർത്തുള്ള പേരുകളും കാണുന്നുണ്ട്. ജാതി വിഷയത്തിൽ കോൺഗ്രസ്സിനെയും ബിജെപിയെയും വിമർശിക്കുന്നത് സമയം പാഴാക്കലാണ് എന്നതുകൊണ്ട് അതിനു മുതിരുന്നില്ല.
അരിവാൾ ധാന്യക്കതിരിലും അരിവാൾ ചുറ്റിക നക്ഷത്രത്തിലും ജാതിയുടെ പ്രിവിലേജ് പേരിൽ ചേർത്ത സഖാക്കൾ സ്ഥാനാർത്ഥിത്വം നേടുന്ന അതേ സമയത്താണ് മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമല്ലേ എന്നു ചോദിച്ചതിൻ്റെ പേരിൽ പിന്നാക്ക ജാതികളിൽപ്പെട്ട സഖാക്കൾ അച്ചടക്ക നടപടികൾക്കു വിധേയരാകുന്നത്. വർഗ്ഗനിലപാടുകളിൽ നിന്നുള്ള വ്യതിയാനമായും സ്വത്വവാദത്തിൻ്റെ വക്താക്കളായും ഇവർ ചിത്രീകരിക്കപ്പെടുമ്പോഴാണ് പേരിനൊപ്പം ജാതിപ്പേരും ചേർത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവർ പുരോഗമനവാദികളും മതേതരവാദികളും വിപ്ലവകാരികളുമായി എണ്ണപ്പെടുന്നത്.


സീനിയർ സിറ്റിസൺസിൻ്റെ പേരിനൊപ്പമുള്ള ജാതി വാലിനെ യാഥാസ്ഥിതികമായ കാലത്തിൻ്റെ തിരുശേഷിപ്പായി എണ്ണാമെന്നു കരുതാം. ജനാധിപത്യ കേരളത്തിലെ രണ്ടാം തലമുറക്ക് എന്ത് ന്യായമാണ് ഈ വിഷയത്തിൽ പറയാനുള്ളത്? പേരിനൊപ്പം ചേർക്കുന്ന ജാതിപ്പേരിൽ പ്രവർത്തിക്കുന്ന അധികാരത്തിന് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ജന്മനാ തന്നെ തന്നേക്കാൾ താഴ്ന്നവരാണെന്ന ബോധത്തെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതൊരു വംശവെറി കൂടിയാണ്. ഈ യാഥാർഥ്യത്തെ അഭിസംബോധ ചെയ്യാൻ ഇടതു സംഘടനാ സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നുവെങ്കിൽ അതിനു കാരണം അതിനകത്തു പ്രവർത്തിക്കുന്ന ജാത്യധികാരമാണ്.


ജാതിയുടെ പ്രിവിലേജുകൾ ഇല്ലാത്ത മനുഷ്യർക്ക് അർഹതപ്പെട്ടതാണ് സംവരണം. EWS സംവരണം തെറ്റാണെന്നു പറയുന്നതിന് ജാതിപേരു വെച്ച പോസ്റ്ററുകളേക്കാൾ വലിയ തെളിവുകൾ വേണ്ടതില്ല. ചിലർക്ക് ജാതി തന്നെ ഒരു മൂലധനമാണ്, 'മൂലധനത്തി'ൻ്റെ വ്യാഖ്യാതാക്കൾ അത് മനസിലാക്കിയേ തീരൂ. അല്ലാത്ത പക്ഷം ദാസ് ക്യാപ്പിറ്റൽ ഇന്ത്യയിൽ മനുസ്മൃതിയുടെ മറുപേര് മാത്രമാകും.


Amal C Rajan


EWS സംവരണത്തിനെതിരെ സംസാരിക്കുന്നവരെ മുഴുവൻ ജാതിവാദികളായി ചിത്രീകരിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Posted by Amal C Rajan on Thursday, 12 November 2020


Show Full Article
TAGS:Amal c. Rajan p.jayarajan cpm ews reservation ews reservation 
Web Title - Dr. Amal c. Rajan against the double stand of left
Next Story