ആര്‍.സുനിലിന് ഡോ. എ.യൂനുസ് കുഞ്ഞ് മാധ്യമ പുരസ്കാരം
text_fieldsകൊല്ലം: കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ മൂന്നാമത് പത്ര ദൃശ്യമാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘മാധ്യമം’ തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആര്‍. സുനിൽ, മാതൃഭൂമി ന്യൂസിലെ മാര്‍ഷല്‍ വി.സെബാസ്റ്റ്യന്‍ എന്നിവർ പുരസ്കാരത്തിനർഹരായി.
ആർ. സുനിലിന്റെ ‘അട്ടപ്പാടിയില്‍ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം’ എന്ന റിപ്പോര്‍ട്ടിനാണ് അവാർഡ്. വി.എസ്. അച്ചുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ‘തൂവെള്ളയിലെ കൊള്ളിയാന്‍’ എന്ന ഫീച്ചറിനാണ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന് അവാർഡ്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
‘മാധ്യമം’ തൃശൂർ റിപ്പോർട്ടറാണ് സുനിൽ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം, മണ്ണാർക്കാട് മൂപ്പിൽ നായരുടെ ഭൂമി കൈമാറ്റം, ചെറുവള്ളി എസ്റ്റേറ്റ് തുടങ്ങിയ വിഷയങ്ങളിൽ നിർണായകമായ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച റിപ്പോർട്ടിങ്ങിന് സഞ്ജയ് ചന്ദ്രശേഖർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരള യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം മേധാവി ഡോ. എം.എസ് ഹരികുമാര്‍, ദി ഹിന്ദു മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സി. ഗൗരിദാസന്‍ നായര്‍, കേരള യൂനിവേഴ്‌സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ ഡോ. ടി.കെ സന്തോഷ്‌കുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.
ഡോ. എ.യൂനുസ് കുഞ്ഞിന്റെ നാലാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 3ന് കൊല്ലം പ്രസ് ക്ലബില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍എ. അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. അന്‍സര്‍ യൂനുസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന്‍, സെക്രട്ടറി സനല്‍ ഡി പ്രേം, വൈസ് പ്രസിഡന്റ് എം മഹേഷ്കുമാർ, ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സെയാന്‍ നൗഷാദ്, യൂനുസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫ. ഹാഷിം എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

