ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പടിയിറങ്ങി, ഇനി ഡോ.എ. ജയതിലക്
text_fieldsചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ. എ. ജയതിലകിന് ആശംസ കൈമാറുന്ന സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ചിത്രം: അരവിന്ദ് ലെനിൻ
തിരുവനന്തപുരം: ശാരദ മുരളീധരൻ പടിയിറങ്ങി, പകരം സംസ്ഥാനത്തിന്റെ 50 ാം ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റു. നിലവിൽ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ ജയതിലക്. വൈകീട്ട് 4.30ന് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വിസ് കാലാവധി.
സീനിയോറിറ്റിയില്‍ മുമ്പിലുള്ള കേരള കേഡറിലെ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ചതോടെയാണ് കഴിഞ്ഞയാഴ്ച ചേർന്ന കാബിനറ്റ് യോഗം ജയതിലകിന്റെ പേരിലേക്കെത്തിയത്. മെഡിക്കല്‍ സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ജയതിലക് സിവിൽ സർവിസിലേക്കെത്തുന്നത്.
മാനന്തവാടി സബ്കലക്ടർ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ കലക്ടർ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ, വ്യവസായ വകുപ്പ് മാനേജിങ് ഡയറക്ടർ, ഗ്രാമവികസന ഡയറക്ടർ, കൃഷി, ജലം, വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2011ൽ സ്പൈസസ് ബോർഡിന്റെ ചെയർമാനായി.
2014ൽ റബർ ബോർഡിൽ ചെയർമാന്റെ അധിക ചുമതലയും വഹിച്ചു. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നതോടെ, ധനവകുപ്പിലേക്ക് പുതിയ സെക്രട്ടറിയെ കണ്ടെത്തണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും.
പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബിനും നളിനി നെറ്റോക്കും പിന്നാലെ, അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയായിരുന്നു ശാരദ മുരളീധരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

