സ്ത്രീധന പീഡനം; എസ്.ഐയുടെ അറസ്റ്റ് വൈകുന്നു; പരാതിക്കാര്‍ ഹൈകോടതിയിലേക്ക്
text_fieldsകൊല്ലം: സ്ത്രീധന പീഡനക്കേസില്‍ പ്രതിയായ എസ്.ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ പരാതിക്കാര്‍ ഹൈകോടതിയെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വര്‍ക്കല പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പൂതക്കുളം അമരത്ത്മുക്ക് കളഭംവീട്ടില് അഭിഷേകിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അഭിഷേകിനോ മറ്റ് പ്രതികള്‍ക്കോ പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ചില ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളെ സംരക്ഷിക്കുന്നതിനാലാണ് ഇതെന്നാണ് ആരോപണം. കൊല്ലം എസ്.എസ്.ബി വനിത എസ്.ഐ ആശ, അഭിഷേകിന്റെ മാതാവ് അലീസ്, സഹോദരന് അഭിജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.
സ്ത്രീധനപീഡനം, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നിവയും സ്ത്രീധനനിരോധന നിയമത്തിലെ കൂടുതല്‍ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഷേകും ആശയും അവധിയെടുത്ത് സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുമെന്ന വിവരവുമുണ്ട്. എന്നാല്‍, സ്ത്രീധനനിരോധനനിയമത്തിലെ ഗുരുതരവകുപ്പുകള്‍ ഉള്ളതിനാല്‍ ഹൈകോടതിയില്‍നിന്ന് തിരിച്ചടിയുണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് പ്രതികള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതോടെ പരാതിക്കാരെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് വിവരം.
പ്രതിസ്ഥാനത്തുള്ള രണ്ടുപേര്‍ പൊലീസ് ഓഫിസര്‍മാരായതിനാല്‍ അറസ്റ്റിലേക്കും വകുപ്പ്തല നടപടിയിലേക്കും കടക്കേണ്ടത് സ്പെഷല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് മേധാവിക്ക് സ്പെഷല്‍ റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവി നേരത്തേതന്നെ അയച്ചിരുന്നു. തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുമുണ്ടെന്ന് ആക്ഷേപമുണ്ട്.
അഭിഷേകിന്റെ ഭാര്യ പൂതക്കുളം സ്വദേശിനി അനഘ നൽകിയ പരാതിയില്‍ ആദ്യം പരവൂര്‍ പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അനഘയും മാതാപിതാക്കളും കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ചൈത്ര തെരേസ ജോണിനെ നേരില്‍ കണ്ട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തതോടെയാണ് പരവൂര്‍ പൊലീസ് സ്ത്രീധനനിരോധന നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. സംഭവം പൊലീസിൽ വൻ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

